ഇറാനെതിരായ യുദ്ധത്തിനിടെ ആയുധക്ഷാമം പരിഹരിക്കാൻ ഉപയോഗശൂന്യമെന്ന് നേരത്തെ വിലയിരുത്തിയിരുന്ന പഴയ യുദ്ധോപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിച്ചതായി യുഎസ് നാവികസേന. നാവികസേനയുടെ ആക്ടിങ് സെക്രട്ടറി ഹങ് കാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച സെനറ്റിൽ നടന്ന സ്ഥിരീകരണ ഹിയറിങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇസ്രയേൽ ആക്രമണം അമേരിക്കയുടെ ആയുധശേഖരത്തിലെ ഗുരുതരമായ പരിമിതികൾ പുറത്തുകൊണ്ടുവന്നതായി പെന്റഗൺ നേരത്തെ വ്യക്തമാക്കിയിരുന്നു. നിർണായക മിസൈലുകളുടെ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി പഴയ ആയുധങ്ങൾ വീണ്ടും ഉപയോഗയോഗ്യമാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിച്ചതായാണ് ഹങ് കാവോ പറഞ്ഞത്.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ ഉപയോഗിച്ച നിരവധി ആയുധങ്ങൾ പുനഃക്രമീകരിച്ച് ഉപയോഗിക്കുകയായിരുന്നു. നേരത്തെ കോഡ് ഇ, കോഡ് എഫ് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നവയായിരുന്നു അവ. കാലാവധി കഴിഞ്ഞതോ അറ്റകുറ്റപ്പണി ആവശ്യമായതോ ആയ ആയുധങ്ങളെയാണ് ഈ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപയോഗയോഗ്യമല്ലെന്ന് വിലയിരുത്തിയെങ്കിലും അറ്റകുറ്റപ്പണികളിലൂടെ വീണ്ടെടുക്കാൻ കഴിയുന്ന ആയുധങ്ങളെയാണ് അമേരിക്കൻ സൈന്യം ഇത്തരം കോഡുകൾ ഉപയോഗിച്ച് തരംതിരിക്കുന്നത്. കോഡ് ഇ വിഭാഗത്തിലുള്ള ആയുധങ്ങൾക്ക് താരതമ്യേന ചെറിയ അറ്റകുറ്റപ്പണികൾ മതിയാകും. എന്നാൽ കോഡ് എഫ് വിഭാഗത്തിലുള്ളവ വീണ്ടും ഉപയോഗിക്കാൻ കൂടുതൽ വിപുലമായ അറ്റകുറ്റപ്പണികളും ചില ഘടകങ്ങളുടെ മാറ്റിസ്ഥാപിക്കലും ആവശ്യമായി വരും.
പഴകിയ ബ്രെഡ് വീണ്ടും ഭക്ഷ്യയോഗ്യമാക്കുന്നതിന് അതിൽ അൽപം വെള്ളം പുരട്ടി മൈക്രോവേവിൽ 15 സെക്കൻഡ് ചൂടാക്കുന്നതിന് സമാനമാണ് ആയുധങ്ങൾ വീണ്ടെടുക്കുന്ന നടപടിയെന്നായിരുന്നു കാവോയുടെ വിശദീകരണം. ദരിദ്രകുടുംബത്തിൽ വളർന്നതിനാലാണ് ഇത്തരം വിദ്യകൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഏതൊക്കെ ആയുധങ്ങളാണ് ഇത്തരത്തിൽ പുനഃസ്ഥാപിച്ചതെന്നോ സ്വീകരിച്ച സാങ്കേതിക നടപടികൾ എന്തൊക്കെയാണെന്നോ അദ്ദേഹം വിശദീകരിച്ചില്ല.
വിലകൂടിയതും കുറഞ്ഞ ചെലവിലുള്ളതുമായ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ നാവികസേന ശരിയായ സന്തുലിതാവസ്ഥ പാലിക്കുന്നുണ്ടോയെന്ന റിപ്പബ്ലിക്കൻ സെനറ്റർ ഡെബ് ഫിഷറിന്റെ ചോദ്യത്തിന് മറുപടിയായാണ് കാവോ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഇറാനെതിരായ സൈനിക നീക്കത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ന്യായീകരിച്ചുവരികയാണ്. എന്നാൽ മാസങ്ങളോളം നീണ്ട സംഘർഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് രാഷ്ട്രീയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അമേരിക്കയുടെ ആക്രമണത്തിൽ 3,400-ലധികം പേർ കൊല്ലപ്പെടുകയും 26,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അധികൃതർ അവകാശപ്പെടുന്നു.
ഇതിനിടെ, യുഎസ് വിമാനവാഹിനിക്കപ്പലായ തിയോഡോർ റൂസ്വെൽറ്റ് മധ്യപൂർവേഷ്യയിലെത്തി. ജോർജ് എച്ച്.ഡബ്ല്യു. ബുഷ്, ജോർജ് വാഷിങ്ടൺ എന്നീ വിമാനവാഹിനിക്കപ്പലുകൾക്കൊപ്പം ഇതും മേഖലയിൽ നിലയുറപ്പിച്ചതോടെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണങ്ങൾ നടത്തുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിക്കയുടെ സൈനിക വിന്യാസം വർധിക്കുന്നത്.
