ബൈക്ക് ടാക്സികൾ നിരോധിക്കാനാകില്ല; കർണാടക സർക്കാരിന്റെ ഹർജി തള്ളി സുപ്രീം കോടതി

ബൈക്ക് ടാക്സികൾ നിരോധിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. നിരോധനം റദ്ദാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ബൈക്ക് ടാക്സികൾ പൂർണമായി നിരോധിക്കുന്നതിന് പകരം നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

ബൈക്ക് ടാക്സികളിലെ ജിപിഎസ് സംവിധാനം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നുണ്ടെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് യുവതികൾക്ക് ഇത്തരം യാത്രാസംവിധാനങ്ങൾ പ്രയോജനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്സികൾ ഇതിനകം പ്രവർത്തിക്കുന്നുണ്ടെന്നും അവ നിരോധിക്കുന്നതിനുപകരം നിയമങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുകയാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.

തന്റെ ഓഫീസിലെ യുവതികളോട് യാത്രാസൗകര്യങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ബൈക്ക് ടാക്സികളിലാണ് എത്തുന്നതെന്ന് അവർ അറിയിച്ചതായും ജസ്റ്റിസ് ശർമ്മ പറഞ്ഞു. ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ബൈക്ക് ടാക്സികൾക്ക് അഞ്ചിരട്ടി വരെ ചെലവ് കുറവാണെന്ന് അവർ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഓല, ഉബർ, റാപ്പിഡോ തുടങ്ങിയ അഗ്രഗേറ്റർ കമ്പനികൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ച കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബൈക്ക് ടാക്സികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഗതാഗത വകുപ്പിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും നിലവിലെ നിയമങ്ങൾ അനുസരിച്ച് കോൺട്രാക്ട് കാര്യേജ് വിഭാഗത്തിൽ പെർമിറ്റുകൾ അനുവദിക്കുന്നതിനും വഴിയൊരുക്കുന്നതായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഈ വിധി ചോദ്യം ചെയ്താണ് കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, സർക്കാർ ഹർജി തള്ളിയതോടെ സംസ്ഥാനത്ത് ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാനുള്ള നിയമപരമായ വഴിയിൽ സുപ്രീം കോടതിയുടെ നിലപാട് നിർണായകമായി.

മറുപടി രേഖപ്പെടുത്തുക