ഇസ്രയേലുമായി ഇന്ത്യ ശക്തമായ ബന്ധം നിലനിർത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ അതിന്റെ പേരിൽ ഗസയിലെ വിഷയങ്ങളിൽ മൗനം പാലിക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ സൈനിക ആവശ്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപരമായ താൽപ്പര്യങ്ങൾ ഇസ്രയേലുമായി ബന്ധപ്പെട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിൽ രാഷ്ട്രീയ ശാസ്ത്രജ്ഞൻ റോബർട്ട് പേപ്പുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ സായുധ സേനയ്ക്കായി മികച്ച ആയുധങ്ങൾ വാങ്ങുന്നതുൾപ്പെടെ ഇസ്രയേലുമായി ഇന്ത്യക്ക് തന്ത്രപരമായ താൽപ്പര്യങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണങ്ങളെയും നിരപരാധികളെ കൊലപ്പെടുത്തിയതിനെയും അപലപിക്കുന്നതായും രാഹുൽ പറഞ്ഞു. അതേസമയം, ഗസയിൽ ഇസ്രയേൽ നടത്തിയ നടപടികളെയും താൻ അപലപിക്കുന്നു. ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
150 കോടി ജനങ്ങളുള്ള ഇന്ത്യയുടെ വിദേശനയം രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കും മൂല്യങ്ങൾക്കും മുൻഗണന നൽകിയായിരിക്കണം രൂപപ്പെടുത്തേണ്ടതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ മാത്രം പരിഗണിച്ചല്ല ഇന്ത്യയുടെ വിദേശനയം തീരുമാനിക്കേണ്ടതെന്നും ഇന്ത്യ വിശ്വസിക്കുന്ന മൂല്യങ്ങൾക്കായി രാജ്യം നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിക്കാഗോയിലെ സംവാദത്തിന്റെ ദൃശ്യങ്ങൾ ഈ നിലപാട് വിശദീകരിച്ചുകൊണ്ട് രാഹുൽ എക്സിലും പങ്കുവെച്ചു.
അതേസമയം, രാഹുലിന്റെ പരാമർശത്തിനെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. ഗസയിലെ ഇസ്രയേൽ നടപടികളെ വംശഹത്യയെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള വിമർശനങ്ങൾക്കിടയിൽ ഇസ്രയേലുമായുള്ള ശക്തമായ ബന്ധത്തെ പിന്തുണച്ചത് നിരാശാജനകമാണെന്നാണ് സാമൂഹിക പ്രവർത്തകരുടെ പ്രതികരണം. വംശഹത്യ ആരോപണം നേരിടുന്ന രാജ്യവുമായുള്ള ബന്ധത്തെ അനുകൂലമായി വിശേഷിപ്പിച്ചതിനെയും പ്രസ്താവനയിൽ ‘വംശഹത്യ’ എന്ന പദം ഉപയോഗിക്കാതിരുന്നതിനെയും അവർ ചോദ്യം ചെയ്തു.
ഇസ്രയേലിൽനിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതിനെ എതിർക്കേണ്ടതാണെന്ന് ഡൽഹി സർവകലാശാല പ്രൊഫസറും കോളമിസ്റ്റുമായ അപൂർവാനന്ദ് പ്രതികരിച്ചു. ഇസ്രയേലുമായുള്ള ബന്ധവും ആയുധ ഇടപാടുകളും യാഥാർഥ്യമാണെങ്കിലും ഇത്തരം നടപടികൾ സമാധാനത്തിന് ദോഷകരമാണെന്ന നിലപാടാണ് രാഹുൽ സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിനകത്ത് വംശഹത്യ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുകയും വിദേശനയത്തിൽ അതുമായി ബന്ധപ്പെട്ട രാജ്യത്തോട് സൗഹൃദം പുലർത്തുകയും ചെയ്യുന്നത് വൈരുധ്യമാണെന്നും അപൂർവാനന്ദ് അഭിപ്രായപ്പെട്ടു.
