റഷ്യൻ നാവികസേനയ്ക്ക് വൻ തിരിച്ചടി; അത്യാധുനിക യുദ്ധക്കപ്പൽ ‘മെർക്കുറി’ മുക്കിയെന്ന് യുക്രെയ്ൻ

ലിബിയൻ തീരത്ത് റഷ്യൻ നാവികസേനയ്ക്ക് കനത്ത തിരിച്ചടി നൽകിയെന്ന് യുക്രെയ്ൻ. റഷ്യയുടെ അത്യാധുനിക യുദ്ധക്കപ്പലായ ‘മെർക്കുറി’ ഏഴ് നാവിക ഡ്രോണുകൾ ഉപയോഗിച്ച് മുക്കിയതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി തിങ്കളാഴ്ച ഔദ്യോഗികമായി അറിയിച്ചു. റഷ്യൻ സൈനികരുടെ ആയുധനീക്കത്തിന് ഉപയോഗിച്ചിരുന്ന ‘എംവി അംഗാര’ എന്ന ചരക്കുകപ്പലിനും ആക്രമണത്തിൽ കേടുപാടുകൾ വരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ അധിനിവേശത്തിനെതിരായ യുക്രെയ്‌ന്റെ ഏറ്റവും മികച്ച സൈനിക നീക്കങ്ങളിലൊന്നാണിതെന്ന് സെലൻസ്കി എക്സിലൂടെ പ്രതികരിച്ചു. യുക്രെയ്ൻ ഡ്രോണുകളുടെ ആക്രമണം തടയാൻ റഷ്യൻ സൈന്യം ശക്തമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. റഷ്യൻ നാവികസേനയിലെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളിലൊന്നായ മെർക്കുറി 2023ലാണ് സേനയുടെ ഭാഗമായത്. യുക്രെയ്‌നിനെതിരായ സമ്പൂർണ യുദ്ധം ആരംഭിച്ചതിന് ശേഷമായിരുന്നു കപ്പൽ സൈന്യത്തിൽ ഉൾപ്പെടുത്തിയത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന കെഎ-27 പോരാട്ട ഹെലികോപ്റ്ററും പൂർണമായി തകർന്നതായി സെലൻസ്കി പറഞ്ഞു.

ഓപ്പറേഷനിൽ പങ്കെടുത്ത യുക്രെയ്ൻ സുരക്ഷാ വിഭാഗത്തിലെയും പ്രതിരോധ സേനയിലെയും സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. നിശ്ചയിച്ചിട്ടുള്ള സമുദ്ര മേഖലകളിൽ സൈനിക നടപടികൾ തുടരുമെന്നും സ്വന്തം ആയുധ സാങ്കേതികവിദ്യ വികസിപ്പിച്ച് റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും സെലൻസ്കി വ്യക്തമാക്കി.

അതേസമയം, യുക്രെയ്ൻ ഭൂപ്രദേശങ്ങളിൽ വ്യാപക പ്രത്യാക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ യുക്രെയ്‌ന്റെ ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, റഡാർ സ്റ്റേഷനുകൾ, സൈനിക താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് റഷ്യയുടെ അവകാശവാദം.

റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് പ്രകാരം 142 മേഖലകളിലെ യുക്രെയ്ൻ ഊർജ, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, ആയുധ ഡിപ്പോകൾ, സൈനിക വിമാനത്താവളങ്ങൾ, വിദേശ സൈനികർ താമസിക്കുന്ന കേന്ദ്രങ്ങൾ എന്നിവയും റഷ്യൻ സേന ലക്ഷ്യമിട്ടു.

മറുപടി രേഖപ്പെടുത്തുക