നടി തൃഷയെ രാഷ്ട്രീയത്തിൽ ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി ആരാധകർ. ‘ഇളയപുരട്ചി തലൈവി തൃഷ പേരവൈ’ എന്ന പേരിലാണ് സംഘടന ആരംഭിച്ചിരിക്കുന്നത്. തൃഷയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആരാധകരാണ് താരത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ലോഗോയോടെ സംഘടന പ്രഖ്യാപിച്ചത്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശേഷണമായ ‘പുരട്ചി തലൈവി’യോട് സാമ്യമുള്ളതാണ് സംഘടനയുടെ പേര്. ‘യുവ വിപ്ലവ നേതാവ്’ എന്നാണ് ഇളയപുരട്ചി തലൈവി എന്ന പ്രയോഗത്തിന്റെ അർഥം.
നടൻ വിജയ്ക്കൊപ്പം തൃഷയെയും രാഷ്ട്രീയത്തിൽ കാണാനാണ് ആഗ്രഹമെന്ന് സംഘടനാ കോർഡിനേറ്റർ തിരുനെൽവേലി രാജഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായിരിക്കും സംഘടന മുൻഗണന നൽകുക. വിജയ്ക്കൊപ്പം തൃഷ കൈകോർക്കുന്നത് ജനങ്ങൾക്ക് ഗുണകരമാകുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ജയലളിതയ്ക്ക് സമാനമായ വ്യക്തിത്വവും നേതൃഗുണവും തൃഷയ്ക്കുണ്ടെന്നാണ് സംഘടനാ ഭാരവാഹികളുടെ വിലയിരുത്തൽ. ഇതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും വീണ്ടും സജീവമായിരിക്കുകയാണ്.
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ പങ്കെടുത്തതിനു പിന്നാലെ ഇരുവരുടെയും രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് നേരത്തെയും ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു തൃഷ.
