മധുര തനിഷ്ക് ജ്വല്ലറി മോഷണക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷും സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയുമാണ് പിടിയിലായത്. ഇവരിൽനിന്ന് അഞ്ച് കിലോ സ്വർണവും പൊലീസ് കണ്ടെടുത്തു.
മോഷണത്തിന് പിന്നാലെ നിഷാന്തും പിതാവും ചേർന്ന് കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിക്കുന്നത് കണ്ടെന്ന ഒരാളുടെ മൊഴിയാണ് സുരേഷിലേക്ക് അന്വേഷണം എത്തിച്ചത്. പൊലീസ് നൽകിയ ചിത്രങ്ങളിൽനിന്ന് ഇയാൾ നിഷാന്തിനെ തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്.
നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യൽ മീഡിയ ചാറ്റുകളും ഫോൺ വിവരങ്ങളും പരിശോധിച്ചതിലൂടെയാണ് മോഷണത്തിൽ മീനാക്ഷിയുടെ പങ്ക് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
നവംബർ 13ന് പുലർച്ചെയാണ് തനിഷ്ക് ജ്വല്ലറിയിൽ മോഷണം നടന്നത്. മോഷ്ടാവ് ഉപയോഗിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്. നിഷാന്തിനായി ഹൈദരാബാദ്, ബെംഗളൂരു, തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
