എഐ അപ്‌ഡേറ്റുകൾ അതിവേഗം, തകരാറുകൾക്കും സാധ്യത; വരും മാസങ്ങൾ നിർണായകമെന്ന് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് സെർവറുകളിലുണ്ടായ തകരാറും യുഎസ് വിമാനക്കമ്പനികളിൽ നേരിട്ട ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങളും ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. വരും മാസങ്ങളിലും ഇത്തരം സാങ്കേതിക തടസ്സങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വളർച്ച സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിന്റെ വേഗം കൂട്ടുന്നുണ്ടെങ്കിലും, അവ പരിഹരിക്കാനുള്ള കമ്പനികളുടെ തിടുക്കം പുതിയ സാങ്കേതിക പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഎസിന്റെ ‘ഫേസ് ദി നേഷൻ’ പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ബ്രാഡ് സ്മിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സോഫ്റ്റ്‌വെയർ കോഡുകളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ എഐയ്ക്ക് വളരെ കുറഞ്ഞ സമയം മതിയാകും. സിസ്റ്റങ്ങൾ സംരക്ഷിക്കുന്നവർക്ക് ഇത് വലിയ സഹായമാണെങ്കിലും സൈബർ ആക്രമണകാരികൾക്കും ഈ സാങ്കേതികവിദ്യ പുതിയ സാധ്യതകൾ തുറന്നുനൽകുന്നുണ്ട്. ഹാക്കർമാർ മുതലെടുക്കുന്നതിന് മുമ്പ് സുരക്ഷാ പിഴവുകൾ പരിഹരിക്കാനുള്ള ആഗോള മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി സുരക്ഷാ അപ്‌ഡേറ്റുകൾ അതിവേഗം പുറത്തിറക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, മതിയായ പരിശോധനകൾക്ക് സമയം ലഭിക്കാതെ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത് പുതിയ പ്രതിസന്ധികൾക്ക് കാരണമാകാം. പ്രത്യേകിച്ച് പഴയ സാങ്കേതിക സംവിധാനങ്ങളിൽ തിടുക്കത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അവയുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്‌നങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് കരുതാനാകില്ലെന്നും ബിസിനസ് സ്ഥാപനങ്ങളും ഉപഭോക്താക്കളും വരും മാസങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്നും സ്മിത്ത് മുന്നറിയിപ്പ് നൽകി.

അതേസമയം, മൈക്രോസോഫ്റ്റിൽ അടുത്തിടെയുണ്ടായ സാങ്കേതിക തടസ്സത്തിന് സൈബർ ആക്രമണമോ എഐയോ കാരണമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ അപ്‌ഡേറ്റ്, സമീപകാല മാറ്റങ്ങൾ, നെറ്റ്‌വർക്ക് ട്രാഫിക്കിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രശ്‌നത്തിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തിയ സ്മിത്ത്, പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഒമ്പത് നടപടികൾ പൂർത്തിയാക്കിയതായും 13 നടപടികൾ കൂടി പുരോഗമിക്കുകയാണെന്നും അറിയിച്ചു.

യുഎസ് ബാങ്കിങ് സംവിധാനത്തിലുണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെക്കുറിച്ച് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും പ്രതികരിച്ചു. ഇവ താൽക്കാലികമായ പ്രശ്‌നങ്ങളാണെന്നും ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്തരം പ്രതിസന്ധികളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക തടസ്സങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിലും ഉപയോക്താക്കൾ ഫോണുകളിലും ലാപ്‌ടോപ്പുകളിലും ലഭ്യമാകുന്ന സുരക്ഷാ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കരുതെന്നും ബ്രാഡ് സ്മിത്ത് നിർദേശിച്ചു.

മറുപടി രേഖപ്പെടുത്തുക