കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അങ്ങനെയാണെങ്കിൽ അതൊരു എട്ടാമത്തെ അത്ഭുതമാണെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കും മകനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
താൻ ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന് പറഞ്ഞതാണ് സൈബർ ആക്രമണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം സ്വാഭാവികമല്ലെന്നും സംഘടിതമാണെന്നും ആരോപിച്ച ഉണ്ണിത്താൻ, ചില പെട്ടിതാങ്ങികളാണ് ഇതിന് പിന്നിലെന്നും കുറ്റപ്പെടുത്തി. സൈബർ ആക്രമണങ്ങൾ അടൂരിലെ ഒരു വീട്ടിൽനിന്നാണ് ആസൂത്രണം ചെയ്യുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് പരോക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, ആശാന് വേണ്ടി ശിഷ്യൻ കളത്തിലിറങ്ങിയതാണെന്നും പരിഹസിച്ചു.
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അദ്ദേഹത്തിന് പ്രതിസന്ധിയുണ്ടായപ്പോൾ പിന്തുണയ്ക്കാൻ തയ്യാറായില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. സോളാർ വിവാദകാലത്ത് ഉമ്മൻചാണ്ടിയെ പരസ്യമായി പിന്തുണച്ച് പോരാടിയത് തങ്ങളാണെന്നും ടി. സിദ്ദിഖ് മാത്രമാണ് അന്ന് ഒപ്പമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പാർട്ടിയിൽനിന്ന് നേട്ടങ്ങളെല്ലാം സ്വന്തമാക്കിയവർ പിന്നീട് അദ്ദേഹത്തെ തള്ളിപ്പറഞ്ഞെന്നും വിമർശിച്ചു.
കോൺഗ്രസിൽനിന്ന് പരമാവധി നേട്ടങ്ങൾ നേടിയവരുടെ മക്കളാണ് ഇപ്പോൾ ബിജെപിയിൽ പ്രവർത്തിക്കുന്നതെന്നും ഉണ്ണിത്താൻ ആരോപിച്ചു. തന്റെ മകൻ മുമ്പ് ബിജെപിയെ അനുകൂലിച്ച് സാമൂഹികമാധ്യമങ്ങളിൽ കുറിപ്പിട്ടത് ഇപ്പോഴും ആക്രമണത്തിന് ഉപയോഗിക്കുകയാണെന്നും എന്നാൽ മകൻ കോൺഗ്രസിൽ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും പല രഹസ്യങ്ങളും തന്റെ ഡയറിയിലുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. പ്രകോപനം തുടർന്നാൽ കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. കോൺഗ്രസിലെ ഗ്രൂപ്പ് പോരും നേതാക്കൾ തമ്മിലുള്ള പരസ്യമായ വാക്പോരും പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഉണ്ണിത്താന്റെ പ്രതികരണം.
