സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം; ബിജെപിയുമായി ശരദ് പവാറിന്റെ രഹസ്യനീക്കമെന്ന് റിപ്പോർട്ട്

ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൻസിപി നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. തന്റെ മകളും ലോക്‌സഭാംഗവുമായ സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് പവാർ മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പകരമായി മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾക്ക് പിന്തുണ നൽകാമെന്നും ബിജെപിക്ക് ആവശ്യമായ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാമെന്നും പവാർ വാഗ്ദാനം ചെയ്തതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി ശരദ് പവാർ പിന്‍വാതിൽ ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പ് നൽകാമെന്നായിരുന്നു ബിജെപിയുടെ ആദ്യ വാഗ്ദാനം. എന്നാൽ, കേന്ദ്രമന്ത്രി പദവിക്ക് പകരം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനമാണ് പവാർ ആവശ്യപ്പെട്ടതെന്നാണ് സൂചന.

പാർലമെന്റിൽ നേരത്തെ പാസാക്കാൻ കഴിയാതിരുന്ന മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകൾക്ക് ഇത്തവണ അംഗീകാരം നേടാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിനായി ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാണ് പാർട്ടിയുടെ ശ്രമം. സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കിയാൽ ഈ ബില്ലുകൾക്ക് പിന്തുണ നൽകാൻ ചെറുകക്ഷികളെ ഒപ്പം നിർത്താമെന്നാണ് ശരദ് പവാറിന്റെ വാഗ്ദാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതൃപ്തരായ ചില കോൺഗ്രസ് എംപിമാരുമായും പവാർ ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ബില്ലുകൾ സംബന്ധിച്ച വോട്ടെടുപ്പ് നടക്കുമ്പോൾ ഇവർ സഭയിൽനിന്ന് വിട്ടുനിൽക്കാനുള്ള സാധ്യതയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എൻസിപിയുടെ ഇരു വിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനുള്ള നീക്കങ്ങളുമായും ഈ ചർച്ചകൾക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇരു വിഭാഗങ്ങളുടെയും ലയനത്തിന് ബിജെപി ശ്രമിച്ചെങ്കിലും സുനേത്ര പവാർ അതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്‌പി)ക്ക് മഹാരാഷ്ട്ര സർക്കാരിൽ നിർണായക സ്ഥാനം നൽകുന്ന മറ്റൊരു ഒത്തുതീർപ്പ് ഫോർമുലയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് മുതിർന്ന എൻസിപി നേതാവിനെ ഉദ്ധരിച്ചുള്ള വിവരം.

ശരദ് പവാർ പക്ഷത്തിന് ധനകാര്യ വകുപ്പ് അല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം നൽകാൻ ബിജെപി തയ്യാറായാൽ സുനേത്ര പവാറും മകൻ പാർഥും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കാൻ നിർബന്ധിതരായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശരദ് പവാറിന്റെ നേതൃത്വം അംഗീകരിക്കുകയോ സർക്കാരിൽനിന്ന് പിന്മാറുകയോ ചെയ്യേണ്ട സാഹചര്യം ഇവർക്ക് ഉണ്ടായേക്കാം.

എൻസിപിയുടെ ഇരു വിഭാഗങ്ങളുടെയും നേതൃത്വം ശരദ് പവാർ ഏറ്റെടുക്കണമെന്നും സംസ്ഥാന സർക്കാരിൽ കൂടുതൽ നിർണായക പങ്ക് വഹിക്കണമെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ബിജെപിയുമായുള്ള ചർച്ചകളെക്കുറിച്ചും സുപ്രിയ സുലെയുടെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുമുള്ള വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

മറുപടി രേഖപ്പെടുത്തുക