പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണം; സിൽക്കിൽ പരിശോധന നടത്തി വിജിലൻസ്, ഫയലുകൾ കസ്റ്റഡിയിൽ

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം ഊർജിതമാക്കി വിജിലൻസ്. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ പരിശോധന നടത്തിയ സംഘം കരാറുകളുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു. ‘കാർട്ടൺ അലയൻസ് ഇന്ത്യ’ എന്ന കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുടെ രേഖകളാണ് പിടിച്ചെടുത്തത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്ക് മുഖേനയാണ് കമ്പനിക്ക് കരാറുകൾ നൽകിയിരുന്നത്. 12 കോടി രൂപയുടെ കരാറുകൾ കാർട്ടൺ ഇന്ത്യക്ക് ലഭിച്ചതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽനിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവയിലെ സാങ്കേതിക വിവരങ്ങൾ പരിശോധിക്കാൻ വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.

കാർട്ടൺ ഇന്ത്യക്ക് കരാറുകൾ നൽകിയതിൽ വ്യാപക ക്രമക്കേട് നടന്നെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ചട്ടങ്ങൾ ലംഘിച്ച് 12 കോടി രൂപയുടെ പദ്ധതികൾ സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നും ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നെന്നുമാണ് പരാതിയിലെ ആരോപണം. പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലൂടെ കരാർ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ.

മറുപടി രേഖപ്പെടുത്തുക