ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി ചൈനയും പാകിസ്ഥാനും. പാകിസ്ഥാന്റെ ആദ്യ ബഹിരാകാശയാത്രികനെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഷെൻഷോ-24’ വിജയകരമായി വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് ലോംഗ് മാർച്ച് 2F റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഇതോടെ ബഹിരാകാശത്തെത്തുന്ന ആദ്യ പാകിസ്ഥാനിയായി പാകിസ്ഥാൻ വ്യോമസേനാ പൈലറ്റായ മുഹമ്മദ് സീഷൻ അലി (40) ചരിത്രത്തിൽ ഇടംപിടിച്ചു.
ബീജിംഗ് സമയം രാവിലെ 8.18ന് വിക്ഷേപിച്ച പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഏകദേശം മൂന്നര മണിക്കൂറിനുള്ളിൽ ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയവുമായി പേടകം ബന്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ചൈനയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് ഒരു വിദേശ ബഹിരാകാശയാത്രികനെ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്നത്.
മൂന്നംഗ സംഘം; 90-ലേറെ പരീക്ഷണങ്ങൾ
മുതിർന്ന ചൈനീസ് ബഹിരാകാശയാത്രികൻ ടാങ് ഹോങ്ബോയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. വു യി ഫ്ലൈറ്റ് എൻജിനീയറായും സീഷൻ അലി പേലോഡ് സ്പെഷ്യലിസ്റ്റായും പ്രവർത്തിക്കും. ഒരാഴ്ചയോളം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന സീഷൻ അലി ചൈനീസ് ബഹിരാകാശയാത്രികർക്കൊപ്പം വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളിൽ പങ്കെടുക്കും.
ബഹിരാകാശ ജീവശാസ്ത്രം, വൈദ്യശാസ്ത്രം, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലായി 90-ലേറെ ശാസ്ത്രീയ, സാങ്കേതിക പരീക്ഷണങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി നടത്തുന്നത്. പാകിസ്ഥാൻ ബഹിരാകാശ ഏജൻസിയായ സുപാർകോ (SUPARCO) രൂപകൽപ്പന ചെയ്ത നാല് പ്രധാന പരീക്ഷണങ്ങൾക്കും സീഷൻ നേതൃത്വം നൽകും.
ഒരാഴ്ചയ്ക്കുശേഷം നിലവിൽ ടിയാൻഗോങ് നിലയത്തിലുള്ള ഷെൻഷോ-23 പേടകത്തിൽ സീഷൻ അലി ഭൂമിയിലേക്ക് മടങ്ങും. അതേസമയം, ഷെൻഷോ-24 ദൗത്യത്തിലെ കമാൻഡർ ടാങ് ഹോങ്ബോയും ഫ്ലൈറ്റ് എൻജിനീയർ വു യിയും ആറുമാസം കൂടി ബഹിരാകാശ നിലയത്തിൽ തുടരും.
2028-ൽ ചൈനയുമായി സംയുക്ത ചാന്ദ്രദൗത്യത്തിന് പാകിസ്ഥാൻ
വിക്ഷേപണത്തിന് മുന്നോടിയായി വികാരനിർഭരമായ പ്രതികരണമാണ് സീഷൻ അലി നടത്തിയത്. താൻ ഒറ്റയ്ക്കല്ല ബഹിരാകാശത്തേക്ക് പോകുന്നതെന്നും 25 കോടി പാകിസ്ഥാനികളുടെ പ്രതീക്ഷകൾ ചുമലിലേറ്റിയാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
2025 ഫെബ്രുവരിയിൽ ചൈനയും പാകിസ്ഥാനും തമ്മിൽ ഒപ്പുവെച്ച കരാറാണ് 21 മാസത്തിനുള്ളിൽ യാഥാർഥ്യമായത്. ഈ നേട്ടം ബഹിരാകാശ രംഗത്തെ കൂടുതൽ വലിയ ലക്ഷ്യങ്ങളിലേക്കുള്ള തുടക്കം മാത്രമാണെന്നാണ് പാകിസ്ഥാന്റെ വിലയിരുത്തൽ. 2028ഓടെ ചൈനയുമായി ചേർന്ന് സംയുക്ത ചാന്ദ്രദൗത്യം നടത്താനും പാകിസ്ഥാൻ പദ്ധതിയിടുന്നുണ്ട്.
ചരിത്രപരമായ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ പാകിസ്ഥാൻ ആസൂത്രണ മന്ത്രി അഹ്സാൻ ഇഖ്ബാലും നേരിട്ടെത്തിയിരുന്നു. ദൗത്യത്തിന് പിന്തുണ നൽകിയ ചൈനയോട് അദ്ദേഹം നന്ദി അറിയിച്ചു.
