പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ സ്വയം മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ലഭിക്കണമെന്നില്ലെന്ന് സുപ്രീം കോടതി. മാധ്യമപ്രവർത്തകൻ എന്ന പദവി സ്വയം പ്രഖ്യാപിച്ച് നേടിയെടുക്കാവുന്നതല്ലെന്നും ആരെയാണ് മാധ്യമപ്രവർത്തകനായി കണക്കാക്കേണ്ടതെന്ന് വ്യക്തമായ നിർവചനം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമമുണ്ടായെന്ന ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുടെ സുപ്രധാന പരാമർശം.
പ്രിന്റ് മീഡിയ, ടെലിവിഷൻ ചാനലുകൾ, രജിസ്ട്രേഷനുള്ള ഓൺലൈൻ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ പ്രവർത്തിക്കുന്നവരും പ്രസ് കൗൺസിൽ അംഗീകാരമുള്ളവരുമാണ് അംഗീകൃത മാധ്യമപ്രവർത്തകരെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് നിരവധി പേർ സ്വയം മാധ്യമപ്രവർത്തകരായി അവകാശപ്പെടുന്ന സാഹചര്യമാണുള്ളത്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ ക്രമസമാധാന നിലയും ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
റീൽ മേക്കർമാരും കണ്ടന്റ് ക്രിയേറ്റർമാരും മാധ്യമപ്രവർത്തകരോ?
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന റീൽ മേക്കർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണം നൽകാനാവില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. പൊതുപ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും നിയമപരമായ അവ്യക്തതകൾ പരിഹരിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ആരാണ് യഥാർഥത്തിൽ മാധ്യമപ്രവർത്തകർ എന്നതിന് ആദ്യം കൃത്യമായ നിർവചനം നൽകണമെന്ന് ജസ്റ്റിസ് ബാഗ്ചി അഭിപ്രായപ്പെട്ടു. പ്രസ് കൗൺസിലിൽ രജിസ്റ്റർ ചെയ്തവരും അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമാണോ മാധ്യമപ്രവർത്തകർ, അതോ സമൂഹമാധ്യമങ്ങളിൽ റീലുകൾ നിർമിച്ച് പൗരന്മാരുടെ ശബ്ദമാകാൻ ശ്രമിക്കുന്നവരെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണമോ എന്നതിൽ വ്യക്തത വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഘർഷ മേഖലകളിൽ റെഡ് ക്രോസ് പ്രവർത്തകർക്ക് ലഭിക്കുന്ന സംരക്ഷണവുമായി താരതമ്യം ചെയ്ത കോടതി, മാധ്യമപ്രവർത്തകരുടെ പദവിയും പ്രവർത്തന സ്വഭാവവും പരിഗണിച്ചായിരിക്കും പൊലീസിന്റെ ഇടപെടലുകളെന്നും നിരീക്ഷിച്ചു.
കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജി ഉന്നതാധികാര സമിതിക്ക്
ഡൽഹിയിലെ പ്രതിഷേധങ്ങൾക്കിടെ മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായെന്നാരോപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിച്ചു. പൊതുപ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഏഴ് മാധ്യമപ്രവർത്തകർ നേരിട്ട ദുരനുഭവങ്ങൾ യൂണിയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രത്യേക ആനുകൂല്യങ്ങളൊന്നും ആവശ്യപ്പെടുന്നില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ, സംഭവത്തിൽ വസ്തുതാന്വേഷണം നടത്തുന്നതിനായി വിഷയം ജസ്റ്റിസ് സുഭാഷ് റെഡ്ഢിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതിക്ക് കോടതി കൈമാറി. പരാതിയുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ കേരള പത്രപ്രവർത്തക യൂണിയനോട് നിർദേശിക്കുകയും ചെയ്തു.
പ്രതിഷേധ സ്ഥലത്ത് മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നോ, അവർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചിട്ടുണ്ടോ, അത്തരം നടപടികൾ പൊതുസമാധാനം നിലനിർത്താൻ ആവശ്യമായ പരിധി ലംഘിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വസ്തുതകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്.
