മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്മൂട്ടി. അഭിനയമികവുകൊണ്ട് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുള്ള താരത്തിനെതിരെ പലപ്പോഴും ഉയരുന്ന വിമർശനമാണ് നൃത്തം ചെയ്യാൻ അറിയില്ലെന്നത്. എന്നാൽ ഈ വിമർശനത്തെ തമാശരൂപേണ നേരിട്ടിരിക്കുകയാണ് മമ്മൂട്ടി. സിനിമയിൽ ഡാൻസ് ചെയ്യാനുള്ള തന്റെ ആഗ്രഹം ഉപേക്ഷിച്ചതിന് പിന്നിലെ കാരണവും താരം രസകരമായി വിശദീകരിച്ചു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന റീലുകളിൽ സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത രീതിയിലാണ് താൻ ഡാൻസ് ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ഏതെങ്കിലും ഒരു സിനിമയിലെങ്കിലും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഡാൻസ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇനി അങ്ങനെ ചെയ്താൽ പോലും അത് എ.ഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് ആളുകൾ പറയുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.
‘എ.ഐ ആദ്യം തന്നെ ബാധിച്ചു തുടങ്ങിയത് സിനിമയിലാണ്. ചെറിയ പൈസയ്ക്ക് ഇപ്പോൾ എ.ഐ ടൂളുകൾ ലഭിക്കും. അതുപയോഗിച്ച് കുട്ടികൾ ഓരോ വീഡിയോകൾ ഉണ്ടാക്കുകയാണ്. എന്റെ ജീവിതത്തിൽ സ്വപ്നം കണ്ടിട്ടില്ലാത്ത രീതിയിലാണ് ഓരോ റീലുകളിലും ഞാൻ ഡാൻസ് ചെയ്യുന്നത്. അതുകൊണ്ട് ഇനി ഡാൻസിനെക്കുറിച്ച് ആലോചിക്കുന്നില്ല. ഞാൻ ശരിക്കും ഡാൻസ് ചെയ്താൽപ്പോലും നിങ്ങളത് എ.ഐ ആണെന്ന് പറയും’, മമ്മൂട്ടി പറഞ്ഞു.
തമാശരൂപേണ സംസാരിച്ചെങ്കിലും നിർമിതബുദ്ധി വലിയ ഭീഷണിയാണെന്നും മമ്മൂട്ടി മുന്നറിയിപ്പ് നൽകി. എ.ഐയുടെ നിയന്ത്രണം സാമ്രാജ്യത്വവാദികളുടെയോ ഏകാധിപതികളുടെയോ കൈകളിലെത്തിയാൽ ലോകം അവരുടെ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ചൈനയുമാണ് നിലവിൽ എ.ഐ രംഗത്ത് മുന്നിലുള്ളതെന്നും ഈ സാങ്കേതികവിദ്യയുടെ വളർച്ച ഗൗരവത്തോടെ കാണണമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
അഗോറ വേദിയിൽ സംസാരിക്കവെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. എ.ഐയുടെ സാധ്യതകളെയും അതുണ്ടാക്കാനിടയുള്ള ഭീഷണികളെയും കുറിച്ചുള്ള താരത്തിന്റെ പരാമർശങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.
