മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് സുപ്രധാന ഭേദഗതികളോടെ അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. പുതിയ ഭേദഗതി പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും മണ്ഡല പുനർനിർണയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർലമെന്റിലെ നിലവിലെ പ്രാതിനിധ്യത്തിൽ കുറവുണ്ടാകരുതെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ഭേദഗതി. ബിൽ പാർലമെന്റ് പാസാക്കിയാൽ സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിക്കും. ഇത്തരത്തിൽ അധികമായി അനുവദിക്കുന്ന സീറ്റുകൾ 2051 വരെ മരവിപ്പിച്ചുനിർത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്.
അതേസമയം, ബില്ലുകളോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമാകുന്നത്. തമിഴ്നാടിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉപാധികൾ അംഗീകരിച്ചാൽ ബില്ലുകളെ പിന്തുണയ്ക്കാമെന്ന സൂചനയാണ് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ നൽകുന്നത്. നിലപാട് ചർച്ച ചെയ്യുന്നതിനായി ഡിഎംകെ ജനപ്രതിനിധികളുടെ യോഗം നാളെ ചെന്നൈയിൽ ചേരും.
വിഷയത്തിൽ സംയുക്ത നിലപാട് രൂപീകരിക്കുന്നതിനായി ഇന്ത്യാ സഖ്യവും നാളെ നിർണായക യോഗം വിളിച്ചിട്ടുണ്ട്. മണ്ഡല പുനർനിർണയത്തിനെതിരെ പ്രതിപക്ഷം ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. മണ്ഡല പുനർനിർണയം ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പിഴവായി മാറുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
അതിനിടെ, പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഴുവൻ എംപിമാരും ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മുമ്പ് ഡൽഹിയിൽ എത്തണമെന്ന് എഐസിസി നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ലോക്സഭയിൽ എൻഡിഎയ്ക്ക് 325 എംപിമാരുടെ പിന്തുണയാണുള്ളത്. ഈ സാഹചര്യത്തിൽ ബില്ലുകൾ പാസാക്കുന്നതിനായി പ്രതിപക്ഷത്തുനിന്ന് ആരൊക്കെ പിന്തുണയ്ക്കുമെന്നതും നിർണായകമാണ്. ഡിഎംകെയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നാളത്തെ യോഗങ്ങളിലെ തീരുമാനങ്ങൾ ബില്ലുകളുടെ ഭാവിയിൽ നിർണായകമാകും.
