റഷ്യൻ ഭീഷണി; യുദ്ധസാഹചര്യത്തിന് മുന്നൊരുക്കം; ഒരു ലക്ഷം മുൻ സൈനികരെ സജ്ജരാക്കാൻ ബ്രിട്ടൻ

യുദ്ധസാഹചര്യം ഉണ്ടായാൽ സൈനികരെ വീണ്ടും സേവനത്തിന് വിളിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു ലക്ഷം മുൻ സൈനിക റിസർവുകളെ ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം. ശീതയുദ്ധത്തിനുശേഷം ഇത്തരത്തിൽ നടക്കുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻ സൈനികരോട് നിലവിലെ ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കാനും അവരുടെ തൊഴിൽ, കഴിവുകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനങ്ങളിലും സൈനിക അഭ്യാസങ്ങളിലും പങ്കെടുക്കാനുള്ള ക്ഷണവും നൽകിയിട്ടുണ്ട്. 2027ന്റെ തുടക്കത്തിൽ നാറ്റോ സംഘടിപ്പിക്കുന്ന ‘സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ’ സൈനിക അഭ്യാസവും ഇതിൽ ഉൾപ്പെടുന്നു.

റഷ്യ യൂറോപ്പിൽ നടത്തുന്ന നീക്കങ്ങളും നിലവിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇതൊരു വിവേകപൂർണവും അനിവാര്യവുമായ മുൻകരുതലാണെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ ബ്രിട്ടൻ നേരിടുന്ന യഥാർഥ ഭീഷണി എന്താണെന്ന ചോദ്യത്തിന്, ടെലിവിഷനിലൂടെ ജനങ്ങൾ കാണുന്ന സംഭവവികാസങ്ങളാണ് ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന് ഉടനടി യുദ്ധഭീഷണിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.

റഷ്യ നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണങ്ങൾ മോസ്കോ ആവർത്തിച്ച് തള്ളിയിട്ടുണ്ട്. ആഭ്യന്തര പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് പാശ്ചാത്യ സർക്കാരുകൾ ഇത്തരം ഭീഷണികൾ ഉയർത്തുന്നതെന്നാണ് റഷ്യയുടെ ആരോപണം.

കഴിഞ്ഞ മാസം, അടുത്ത 1,000 ദിവസത്തിനുള്ളിൽ യുദ്ധത്തിന് തയ്യാറെടുക്കേണ്ട സാഹചര്യമുണ്ടാകാമെന്ന് സ്ട്രീറ്റിങ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വീടുകളിൽ കുടിവെള്ളം, ടിന്നിലടച്ച ഭക്ഷണസാധനങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ കരുതിവയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോട് നിർദേശിച്ചു.

അതേസമയം, ജീവിതച്ചെലവിലുണ്ടാകുന്ന വർധന, ഉയർന്ന നികുതിഭാരം, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത്. ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 55 ശതമാനം ബ്രിട്ടീഷ് പൗരന്മാരും ജീവിതച്ചെലവ് വീണ്ടും വർധിച്ചതായി അഭിപ്രായപ്പെട്ടിരുന്നു. 22 ശതമാനം പേർ അധിക വായ്പയെയോ ക്രെഡിറ്റിനെയോ ആശ്രയിക്കേണ്ടിവന്നതായും വ്യക്തമാക്കി.

പ്രതിരോധ മേഖലയിലെ ചെലവ് വർധിപ്പിക്കാനാണ് ബ്രിട്ടന്റെ തീരുമാനം. 2027-28 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.7 ശതമാനമായി ഉയർത്താനും 2030ഓടെ ഇത് മൂന്ന് ശതമാനത്തിലെത്തിക്കാനുമാണ് ലക്ഷ്യം. 2035ഓടെ സൈനിക, സുരക്ഷാ മേഖലകളിലെ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്തണമെന്ന നാറ്റോയുടെ തീരുമാനത്തിനും ബ്രിട്ടൻ പിന്തുണ നൽകിയിട്ടുണ്ട്.

2022 മുതൽ യുക്രെയ്‌നുമായി ബന്ധപ്പെട്ട് ബ്രിട്ടൻ നൽകിയ സഹായം 35.5 ബില്യൺ പൗണ്ടായി (ഏകദേശം 46.5 ബില്യൺ ഡോളർ) ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും 260 മില്യൺ പൗണ്ടിന്റെ സൈനിക സഹായം പ്രഖ്യാപിച്ചു. ബ്രിട്ടനിൽ നിർമിച്ച ആയിരം ദീർഘദൂര ഡ്രോണുകളും ഈ സഹായ പാക്കേജിൽ ഉൾപ്പെടുന്നു.

യൂറോപ്യൻ നേതാക്കൾ യുദ്ധത്തെക്കുറിച്ചും 2030ഓടെ അതിനായി തയ്യാറെടുക്കേണ്ടതിനെക്കുറിച്ചും നിരന്തരം സംസാരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു. ആരെയും ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് 2030നെ മുന്നിൽക്കണ്ട് യുദ്ധസന്നാഹങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക