പാൻ മസാല പരസ്യത്തിൽ സൽമാൻ ഖാന് നോട്ടീസ്; 5 രൂപയുടെ പാക്കറ്റിൽ കുങ്കുമപ്പൂവ് എങ്ങനെ സാധ്യമാകുമെന്ന് പരാതിക്കാരൻ

തെറ്റിദ്ധരിപ്പിക്കുന്ന പാൻമസാല പരസ്യവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനും പാൻമസാല നിർമാതാവിനും നോട്ടീസ് അയച്ച് രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ജോധ്പൂർ സ്വദേശി ഗജേന്ദ്ര കുമാർ സമർപ്പിച്ച റിവിഷൻ ഹർജി പരിഗണിച്ച കമ്മീഷന്റെ സർക്യൂട്ട് ബെഞ്ചാണ് നടപടി സ്വീകരിച്ചത്. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ജനുവരി 19ലേക്ക് മാറ്റി.

കമ്മീഷൻ പ്രസിഡന്റ് ദേവേന്ദ്ര കച്‌വാഹ, അംഗം ലിയാഖത്ത് അലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സൽമാൻ ഖാൻ ബ്രാൻഡ് അംബാസഡറായ പാൻമസാലയുടെ പരസ്യം ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തെയും ചേരുവകളെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം.

‘ജഷാൻ കാ തഷാൻ’ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന പരസ്യത്തിൽ കുങ്കുമപ്പൂവിന്റെയും ഏലക്കയുടെയും സാന്നിധ്യം അവകാശപ്പെടുന്നുണ്ട്. എന്നാൽ വിപണിയിൽ ഒരു കിലോ കുങ്കുമപ്പൂവിന് ഏകദേശം നാല് ലക്ഷം രൂപ വിലയുള്ള സാഹചര്യത്തിൽ, അഞ്ച് മുതൽ പത്ത് രൂപ വരെ വിലയുള്ള പാക്കറ്റിൽ എങ്ങനെയാണ് കുങ്കുമപ്പൂവ് ഉൾപ്പെടുത്തുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ രാംനിവാസ് ചൗധരി ചോദ്യം ചെയ്തു.

ഇത്തരം ആകർഷകമായ പരസ്യങ്ങൾ യുവാക്കളെ ലഹരിക്ക് അടിമകളാക്കാൻ ഇടയാക്കുമെന്നും കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജോധ്പൂർ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ സൽമാൻ ഖാന് വേണ്ടി സമർപ്പിച്ച പവർ ഓഫ് അറ്റോർണിയിലെ ഒപ്പുകളുടെ ആധികാരികതയിലും ഹർജിക്കാരൻ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒപ്പുകളുടെ ഫോറൻസിക് പരിശോധന നടത്തുന്നതിനായി സൽമാൻ ഖാന്റെ സാന്നിധ്യം ആവശ്യപ്പെട്ടെങ്കിലും ജില്ലാ കമ്മീഷൻ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ സംസ്ഥാന കമ്മീഷനെ സമീപിച്ചത്.

റിവിഷൻ ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ സമർപ്പിച്ച യഥാർഥ പരാതിയിൽ അന്തിമ തീരുമാനം എടുക്കരുതെന്നും സംസ്ഥാന കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സെലിബ്രിറ്റികൾ ബ്രാൻഡ് അംബാസഡർമാരാകുന്ന പാൻമസാല പരസ്യങ്ങൾക്കെതിരെ രാജസ്ഥാനിൽ നിയമനടപടികൾ തുടരുന്നതിനിടെയാണ് പുതിയ നടപടി.

മറുപടി രേഖപ്പെടുത്തുക