ഇന്ത്യൻ യുവതാരങ്ങളോട് മൈതാനത്ത് തർക്കിക്കരുതെന്ന് പറയണം; ഹർഭജനോട് അഭ്യർഥിച്ച് പാക് ആരാധകൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾക്കിടെ താരങ്ങൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ ആരാധകൻ. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗിനെ നേരിൽ കണ്ട ആരാധകൻ, ഇന്ത്യൻ യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു പ്രത്യേക സന്ദേശം നൽകണമെന്ന് അഭ്യർഥിച്ചു. ഇരുരാജ്യങ്ങളിലെയും യുവതാരങ്ങൾ മൈതാനത്ത് പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ക്രിക്കറ്റിന്റെ യഥാർഥ സ്പിരിറ്റിന് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

അണ്ടർ 19 ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് തുടങ്ങിയ ടൂർണമെന്റുകളിൽ ഇന്ത്യ, പാകിസ്ഥാൻ താരങ്ങൾ തമ്മിൽ പലതവണ വാക്കുതർക്കങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നു. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ആരാധകൻ ഹർഭജനെ സമീപിച്ചത്. ഇന്ത്യൻ യുവതാരങ്ങളോട് മൈതാനത്ത് വഴക്കുകളിൽ ഏർപ്പെടരുതെന്ന് പറയണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.

പാകിസ്ഥാനിലെത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് സ്നേഹപൂർവമായ സ്വീകരണമാണ് നൽകുന്നതെന്നും മുൻകാല താരങ്ങൾക്കിടയിൽ ഇപ്പോഴും പരസ്പര ബഹുമാനവും സൗഹൃദവുമുണ്ടെന്നും ആരാധകൻ ഓർമിപ്പിച്ചു. മുൻ താരങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയും സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ പുതിയ തലമുറയിലെ കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്നത് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ആരാധകന്റെ വാക്കുകൾക്ക് അനുകൂലമായാണ് ഹർഭജൻ പ്രതികരിച്ചത്. യുവതാരങ്ങളോട് എപ്പോഴും എളിമയും വിനയവും പുലർത്താനും കളിയുടെ മാന്യത കാത്തുസൂക്ഷിക്കാനും ഉപദേശിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കളിക്കാർ മൈതാനത്തും ജീവിതത്തിലും വിനയത്തോടെ പെരുമാറണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹർഭജൻ പറഞ്ഞു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സമീപകാലത്ത് കൂടുതൽ വഷളായിട്ടുണ്ട്. പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ താരങ്ങളുമായി കൈകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യൻ ടീം സ്വീകരിച്ചത്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലും ഈ നിലപാട് തുടർന്നു. ടൂർണമെന്റിൽ കിരീടം നേടിയ ശേഷവും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു.

ഇരുരാജ്യങ്ങളിലെയും മുൻതാരങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദവും പരസ്പര ബഹുമാനവും പുതിയ തലമുറയിലെ കളിക്കാർക്കിടയിലും ഉണ്ടാകണമെന്ന സന്ദേശമാണ് പാക് ആരാധകന്റെ അഭ്യർഥനയിലൂടെ വീണ്ടും ഉയരുന്നത്.

മറുപടി രേഖപ്പെടുത്തുക