മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് തനിക്കും ഓഫറുകൾ ലഭിച്ചിരുന്നുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. എന്നാൽ മഹാരാഷ്ട്രയുടെ താൽപര്യങ്ങൾക്കാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപി അധ്യക്ഷൻ ശരദ് പവാറും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ മുൻനിർത്തി നിലപാട് സ്വീകരിക്കണമെന്നാണ് തന്റെ അഭ്യർഥനയെന്നും താക്കറെ പറഞ്ഞു.
ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പുനഃപരിശോധന നടത്തണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനോടും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിൽ ആരൊക്കെ തുടരണമെന്ന കാര്യം സഖ്യകക്ഷികൾ ഒരുമിച്ചിരുന്ന് തീരുമാനിക്കുമെന്നും രണ്ട് പക്ഷത്തും ഒരേസമയം നിലകൊള്ളാനാകില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.
അതിനിടെ, മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെയുടെ നിലപാട് മാറ്റാനുള്ള ശ്രമങ്ങളുമായി ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ ചെന്നൈയിലെത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കൾ എം.കെ. സ്റ്റാലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഡിഎംകെ നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ വസതിയിലും യോഗം ചേർന്നിരുന്നു.
മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഡിഎംകെയുടെ തീരുമാനത്തിൽ പ്രതിപക്ഷ നേതാക്കളുടെ ഇടപെടൽ മാറ്റമുണ്ടാക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് എം.കെ. സ്റ്റാലിനാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി കരുണാനിധി പ്രതികരിച്ചു.
