ഇന്ത്യക്കും ഹിന്ദുത്വത്തിനുമെതിരെ നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് താൻ വിദേശയാത്രകൾ നടത്തിയതെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. ആർ.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച ന്യൂഡൽഹിയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകസമാധാനം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ കഴിയുന്ന രാജ്യമായാണ് വിദേശികൾ ഇന്ത്യയെ കാണുന്നതെന്ന് ഭാഗവത് പറഞ്ഞു. ഇന്ത്യയോട് അവർക്ക് വലിയ താൽപര്യവും പ്രതീക്ഷയുമുണ്ട്. പതിറ്റാണ്ടുകളായി ജനാധിപത്യ സംവിധാനത്തെ നിലനിർത്താൻ ഇന്ത്യക്ക് സാധിക്കുന്നത് വിദേശികളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. രാജ്യത്തിന്റെ വൈവിധ്യത്തെയും അവർ ഏറെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ സമാധാനപൂർണമായ ഇടമാക്കി മാറ്റുന്നതിൽ ഇന്ത്യയിൽ നിന്നും ഹിന്ദുക്കളിൽ നിന്നും വലിയ പ്രതീക്ഷകളാണ് ഉയരുന്നത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ അടുത്ത നൂറുവർഷം വരെ കാത്തിരിക്കാതെ സ്വയംസേവകർ ഇപ്പോൾ തന്നെ കഠിനാധ്വാനം ചെയ്യണമെന്നും ഭാഗവത് ആഹ്വാനം ചെയ്തു.
രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ അഭിപ്രായവ്യത്യാസങ്ങളുള്ള ഒരു കൂട്ടുകുടുംബത്തെപ്പോലെയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധസാഹചര്യങ്ങൾ ഉണ്ടായപ്പോഴെല്ലാം ഇന്ത്യക്കാർ ഒറ്റക്കെട്ടായി രാജ്യത്തിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. വ്യക്തിതാൽപര്യങ്ങൾക്കും കുടുംബം, ജാതി, മതം, രാഷ്ട്രീയ പാർട്ടികൾ എന്നിവയ്ക്കുമെല്ലാം മുകളിൽ രാജ്യതാൽപര്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി സത്യാന്വേഷണത്തിന്റെ ഉറക്കത്തിലായിരുന്ന സമൂഹം ഇപ്പോൾ വീണ്ടും ഉണർന്നിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ഉള്ളിൽ ‘ഭാരതവർഷം’ ഉണരുകയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറണമെന്നും ഭാഗവത് പറഞ്ഞു.
ആർ.എസ്.എസ് പ്രവർത്തകരുടെ നിസ്വാർഥ സേവനത്തിന് പിന്നിലെ പ്രചോദനമെന്താണെന്ന് സംഘടനയുടെ ക്യാമ്പ് സന്ദർശിച്ചപ്പോൾ ജയപ്രകാശ് നാരായൺ ഒരിക്കൽ ചോദിച്ചിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. രാജ്യത്തിന്റെ ദുഃഖമാണ് തങ്ങളെ നിരന്തരം പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നായിരുന്നു അന്ന് ഒരു സ്വയംസേവകൻ നൽകിയ മറുപടിയെന്നും ഭാഗവത് പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ മാതൃകാ സമൂഹം കെട്ടിപ്പടുക്കുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യമെന്നും അതിനായി എല്ലാവരും സംഘടനയുടെ യൂണിഫോം ധരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
