റഷ്യൻ സൈന്യത്തിൽ ചേർന്ന 51 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ആദ്യമായി ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്ര സർക്കാർ

റഷ്യൻ സൈന്യത്തിൽ ജോലിയുടെ പേരിൽ ചേർന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട് ആശങ്കജനകമായ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 51 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യ ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇതുവരെ 227 ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിൽ ചേർന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരിൽ 139 പേരെ ഇതിനോടകം സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വ്യക്തമാക്കി.

“റഷ്യൻ അധികൃതരുമായി ഈ വിഷയം തുടർച്ചയായി ചർച്ച ചെയ്യുകയാണ്. മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഇപ്പോഴും അവിടെ തുടരുന്ന ഇന്ത്യക്കാരെ എത്രയും വേഗം മോചിപ്പിച്ച് അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം,” വിക്രം മിശ്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ എസ്‌സിഒ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ ശ്രദ്ധ നേടുന്നത്. ഉക്രെയ്ൻ യുദ്ധം നാല് വർഷത്തിലേറെയായി തുടരുന്ന സാഹചര്യത്തിൽ, യുദ്ധം അവസാനിപ്പിക്കാനും സമാധാനത്തിലേക്ക് നീങ്ങാനും സമയമായെന്ന് മോദി പുടിനോട് വ്യക്തമാക്കിയിരുന്നു.

റഷ്യയിലേക്ക് പോയ ഇന്ത്യക്കാരിൽ പലരെയും യുദ്ധത്തിൽ പങ്കെടുക്കാനല്ല, പാചകക്കാരായും സഹായികളായും മറ്റ് അനുബന്ധ ജോലികൾക്കുമായി നിയമിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ പിന്നീട് ഇവരിൽ ചിലരെ യുദ്ധമേഖലയിലേക്ക് അയച്ചുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകുന്ന ഏജന്റുമാരുടെ കുടുക്കിൽ വീഴരുതെന്ന് കേന്ദ്ര സർക്കാർ നിരവധി തവണ യുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ വിഷയത്തിൽ സുപ്രീം കോടതിയും ഇടപെട്ടിരുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കാണാതായവരുടെയും കുടുംബങ്ങളുമായി ബന്ധപ്പെടുന്നതിനും ഏകോപനം ഉറപ്പാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയത്തിൽ പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.

റഷ്യൻ സൈന്യത്തിൽ ഇപ്പോഴും ഏതാനും ഇന്ത്യക്കാർ തുടരുന്നുണ്ടെന്നും അവരുടെ മോചനത്തിനായി നയതന്ത്ര തലത്തിൽ ശക്തമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ശേഷിക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും തുടരുകയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വി.ശദീകരണം

മറുപടി രേഖപ്പെടുത്തുക