അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെക്കുറിച്ച് മലയാളി ട്രാവൽ വ്ലോഗർ അരുണിമ ടി.പി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ അഫ്ഗാനിസ്ഥാൻ സന്ദർശനത്തിനിടെ നേരിട്ട അനുഭവങ്ങളാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. പിന്നാലെ വിഷയത്തിൽ ഇസ്ലാമിക പ്രഭാഷകനായ എം.എം. അക്ബർ ഉൾപ്പെടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി.
‘ആറ് വർഷമായി ലോകം ചുറ്റി സഞ്ചരിക്കുന്ന ഏകാംഗ യാത്രിക’യെന്ന് സ്വയം വിശേഷിപ്പിക്കുന്ന അരുണിമ, അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി സ്ത്രീയായതിൽ ഖേദം തോന്നിയെന്നാണ് കുറിപ്പിൽ രേഖപ്പെടുത്തിയത്. സ്ത്രീകൾക്ക് അവിടെ മതിയായ സ്വാതന്ത്ര്യമോ സാമൂഹിക അംഗീകാരമോ ഇല്ലെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും അവർ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആദ്യം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അനുമതി നൽകാൻ മടിച്ചെന്നും, പിന്നീട് ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിർദേശിച്ചതായും അരുണിമ വെളിപ്പെടുത്തി. വിദേശിയായതിനാൽ മുഖം കാണുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ തനിക്ക് ഇളവ് ലഭിച്ചെങ്കിലും, പ്രാദേശിക സ്ത്രീകൾക്ക് കണ്ണുകൾ ഒഴികെ മുഖം പോലും പുറത്തുകാണിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
“അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. എന്നാൽ അവിടുത്തെ സ്ത്രീകളുടെ ജീവിതം കണ്ടപ്പോൾ എനിക്ക് ശ്വാസംമുട്ടലാണ് അനുഭവപ്പെട്ടത്. അത് തുറന്നു പറയേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി,” എന്നായിരുന്നു അരുണിമയുടെ പ്രതികരണം.
അതേസമയം, താൻ ഒരു മതത്തെയും പ്രത്യേകമായി വിമർശിച്ചിട്ടില്ലെന്ന് അരുണിമ പ്രതികരിച്ചു. “ഒരു മതത്തോടും എനിക്ക് വിരോധമില്ല. എന്നാൽ മതം രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രമാകാത്ത രാജ്യങ്ങളിലാണ് കൂടുതൽ സമാധാനവും സന്തോഷവും കാണാൻ കഴിയുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നാണ് അവർ മറുപടിയായി കുറിച്ചത്.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥ, മതവും സംസ്കാരവും തമ്മിലുള്ള ബന്ധം, വ്യക്തിസ്വാതന്ത്ര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള വലിയ ചർച്ചകൾക്ക് അരുണിമയുടെ കുറിപ്പ് വഴിതുറന്നിരിക്കുകയാണ്.
