ഡൽഹിക്ക് പിന്നാലെ കൊച്ചിയിലും എസ്.ഐ.ആർ വിരുദ്ധ പോരാട്ടം; അഭിജീത് ദീപ്‌കെ എത്തുന്നു

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണമായ എസ്.ഐ.ആറിനെതിരെ കൊച്ചിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. നവംബർ ഏഴിന് രാജേന്ദ്ര മൈതാനത്ത് നടക്കുന്ന പരിപാടിയിൽ ദീപ്‌കെ ഉൾപ്പെടെയുള്ള സംഘടനാ നേതാക്കൾ പങ്കെടുക്കും. ‘ജന്തർ മന്തർ കൊച്ചിയിൽ’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

‘ജനാധിപത്യം സംരക്ഷിക്കുക, എസ്.ഐ.ആർ റദ്ദാക്കുക. ഞങ്ങളോടൊപ്പം കൈകോർക്കൂ. നവംബർ ഏഴിന് കൊച്ചി രാജേന്ദ്ര മൈതാനത്ത് എത്തുക’ എന്ന ആഹ്വാനവുമായി ദീപ്‌കെ എക്‌സിൽ കുറിപ്പ് പങ്കുവച്ചു. വൈകിട്ട് ഏഴിനാണ് പരിപാടിയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കുറിപ്പിൽ വൈകിട്ട് നാലുമണിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സിജെപി സൗത്ത് സോൺ ലീഡ് വിജയ് മല്ലംഗി, നാഷണൽ സെക്രട്ടറി ആഫ്രീൻ നവാസ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുക്കും. ഡൽഹിയിൽ സിജെപി നേതാക്കൾ അറസ്റ്റിലായതിനു പിന്നാലെ സംഘടന കൊച്ചിയിൽ നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയാണിത്.

കഴിഞ്ഞ മാസം എസ്.ഐ.ആർ വിരുദ്ധ സമരം നടത്താനുള്ള നീക്കത്തിനിടെ അഭിജീത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ സിജെപി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നിബന്ധനകളോടെയുള്ള ജാമ്യത്തിലാണ് ദീപ്‌കെ ഉൾപ്പെടെയുള്ളവർ മോചിതരായത്. ഈ സംഭവങ്ങൾക്കു പിന്നാലെ കൊച്ചിയിൽ നടക്കുന്ന പ്രതിഷേധം ശ്രദ്ധ നേടുകയാണ്.

മറുപടി രേഖപ്പെടുത്തുക