വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽനിന്നും ക്ഷേമ ആനുകൂല്യങ്ങളിൽനിന്നും അകറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതാക്കൾ. വോട്ടർ ഐ.ഡി നമ്പറും ബയോമെട്രിക് പരിശോധനയും ഉപയോഗിച്ച് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്ങിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയത്.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) നടപടിയിലൂടെ ഇതിനകം 13.3 കോടിയിലധികം പേരെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതായും ഇനി വോട്ടർ ഐ.ഡി ഇല്ലെന്ന കാരണത്താൽ റേഷൻ, പാർപ്പിടം, ആരോഗ്യ ഇൻഷുറൻസ്, തൊഴിലുറപ്പ് തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കാനാണ് നീക്കമെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. തുടക്കം മുതൽ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം ഇതായിരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കി ആദ്യം ജനങ്ങളുടെ രാഷ്ട്രീയ ശബ്ദം ഇല്ലാതാക്കുകയും പിന്നീട് പട്ടികയിൽ പേരില്ലെന്ന കാരണത്താൽ ക്ഷേമ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് പവൻ ഖേര പറഞ്ഞു. ഇതിലൂടെ ലക്ഷക്കണക്കിന് ആളുകൾ ജനാധിപത്യ സംവിധാനത്തിൽനിന്നും ക്ഷേമപദ്ധതികളിൽനിന്നും പുറത്താക്കപ്പെടുമെന്നും പൗരന്മാർ എന്ന നിലയിൽ ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു.
ആധാർ അധിഷ്ഠിത സംവിധാനത്തിലെ പ്രശ്നങ്ങൾ കാരണം നേരത്തെയും നിരവധി പേർക്ക് സാമൂഹിക ക്ഷേമ-സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാതെ പോയിട്ടുണ്ടെന്ന ആശങ്ക അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.ഐ.ആറിന് പിന്നാലെ ക്ഷേമ ആനുകൂല്യങ്ങളെ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നത് കൂടുതൽ വലിയ തോതിലുള്ള ഒഴിവാക്കലുകൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകി.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ ഔദ്യോഗിക നയമാണോയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. ആധാർ വിഭാവനം ചെയ്ത പ്രധാന ആവശ്യങ്ങൾക്ക് പകരം മറ്റൊരു തിരിച്ചറിയൽ സംവിധാനത്തെ ഉപയോഗിക്കാനാണോ നീക്കമെന്നും അദ്ദേഹം എക്സിലെ കുറിപ്പിൽ ചോദിച്ചു. വോട്ടുകൾ മോഷ്ടിക്കുന്നത് വലിയ പദ്ധതിയുടെ ട്രെയിലർ മാത്രമാണെന്നും ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്നതാണ് അടുത്ത ഘട്ടമെന്നും ജയറാം രമേശ് ആരോപിച്ചു.
വോട്ടർപട്ടിക പുതുക്കുന്നതിന് പിന്നിലെ യഥാർഥ ലക്ഷ്യം റേഷൻ, പാർപ്പിടം, ആരോഗ്യപരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കലാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേത് പറഞ്ഞു. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെടുമ്പോൾ ജനാധിപത്യ അവകാശം മാത്രമല്ല, പൗരൻ എന്ന നിലയിലുള്ള വ്യക്തിയുടെ അസ്തിത്വംപോലും ചോദ്യം ചെയ്യപ്പെടുകയാണെന്നും അവർ ആരോപിച്ചു.
ആധാർ നമ്പറുകൾ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകൾക്ക് പകരം ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളും വോട്ടർ ഐ.ഡി അഥവാ ഇ.പി.ഐ.സി നമ്പറുകളും ഉപയോഗിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്, ലാലൻ സിങ് എന്ന പേരിലും അറിയപ്പെടുന്ന അദ്ദേഹം, പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച ശിൽപ്പശാലയിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന് വോട്ടർപട്ടികയെ ആശ്രയിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയത്.
