സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെക്കുറിച്ചുള്ള പരാമർശം വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണമെന്ന് അദ്ദേഹം പറഞ്ഞു. അറിവന്വേഷണങ്ങളെ അട്ടിമറിച്ചും സമൂഹത്തിൽ ഭിന്നത വളർത്തിയും നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കാന്തപുരത്തിന്റെ പ്രതികരണം. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവർത്തകർ യാതൊരു പ്രകോപനങ്ങൾക്കും വഴങ്ങരുതെന്നും ഇത്തരം സാഹചര്യങ്ങളിൽ വൈകാരികമായി പ്രതികരിക്കുന്നതിന് പകരം പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം നിർദേശിച്ചു. നാളിതുവരെയും തിന്മകളെ നന്മകൊണ്ട് മാത്രം എതിർത്ത പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ ജാഗ്രതയോടെ നേരിടണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
