പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; മുഖ്യമന്ത്രിയെ കാണാനെത്തിയ ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ച നിഷേധിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിശീലന പരിപാടി നടക്കുന്ന ഐഐഎം ക്യാമ്പസിലെത്തി പരാതിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ. പഴയ പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി വീണ്ടും നീട്ടിയ സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് ഉദ്യോഗാർത്ഥികൾ എത്തിയത്. എന്നാൽ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.

അധ്യാപക തസ്തികകളിലെ നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി വീണ്ടും ആറു മാസത്തേക്ക് നീട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. സാധാരണയായി മൂന്ന് വർഷമാണ് ഇത്തരം റാങ്ക് ലിസ്റ്റുകളുടെ കാലാവധി. കാലാവധി അവസാനിക്കുന്നതോടെ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരേണ്ടതുണ്ടെങ്കിലും, നിലവിലെ ലിസ്റ്റിന്റെ കാലാവധി ആദ്യം മൂന്ന് മാസവും ഇപ്പോൾ വീണ്ടും ആറു മാസവും നീട്ടാനുള്ള തീരുമാനമാണ് സർക്കാർ കൈക്കൊണ്ടതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ ഉടൻ പ്രസിദ്ധീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ റാങ്ക് ലിസ്റ്റുകളിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ അവസരങ്ങളാണ് നഷ്ടമാകുന്നതെന്ന് അവർ ആരോപിച്ചു. വർഷങ്ങളോളം പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുത്ത് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായി യാതൊരു ചർച്ചയും നടത്താതെയാണ് സർക്കാർ ഏകപക്ഷീയമായി തീരുമാനം എടുത്തതെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

പഴയ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ വേണ്ടത്ര നടന്നിട്ടില്ലെന്ന സർക്കാർ വാദവും ഉദ്യോഗാർത്ഥികൾ തള്ളിക്കളയുന്നു. പാലക്കാട് ജില്ലയിലെ നാച്ചുറൽ സയൻസ് തസ്തികയിൽ മെയിൻ ലിസ്റ്റിലുള്ള 57 പേരിൽ 41 പേർക്കും എച്ച്.എസ്.എസ്.ടി ബോട്ടണി വിഭാഗത്തിൽ 98 പേരിൽ 74 പേർക്കും ഇതിനകം നിയമന ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. നിയമനം കാര്യക്ഷമമായി നടന്ന ലിസ്റ്റുകളുടെ കാലാവധി വീണ്ടും വീണ്ടും നീട്ടുന്നത് പുതിയ ഉദ്യോഗാർത്ഥികളോടുള്ള അനീതിയാണെന്നും അവർ ആരോപിച്ചു.

സർക്കാർ തീരുമാനം പിൻവലിച്ച് പുതിയ റാങ്ക് ലിസ്റ്റുകൾ സമയബന്ധിതമായി നിലവിൽ കൊണ്ടുവരണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

മറുപടി രേഖപ്പെടുത്തുക