പുടിനെ സുഹൃത്തെന്ന് വിളിക്കുന്നത് ഹിറ്റ്ലറെ സുഹൃത്തെന്ന് വിളിക്കുന്നതു പോലെ; ട്രംപിനെതിരെ സെലെൻസ്കി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി. യുക്രെയ്‌നിന് വ്യോമപ്രതിരോധ മിസൈലുകൾ കൈമാറുന്നതിൽ അമേരിക്ക വരുത്തുന്ന കാലതാമസം നിരവധി ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സമാധാന ചർച്ചകളിൽ റഷ്യയ്ക്ക് മേൽ ആവശ്യമായ സമ്മർദം ചെലുത്താൻ അമേരിക്ക തയ്യാറാകുന്നില്ലെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സെലെൻസ്‌കി കുറ്റപ്പെടുത്തി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രം ‘എന്റെ സുഹൃത്ത്’ എന്ന കുറിപ്പോടെ ട്രംപ് പങ്കുവെച്ചതിനെയും സെലെൻസ്‌കി വിമർശിച്ചു. ട്രംപിന്റെ നടപടി വിചിത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘പുടിൻ ഒരു അക്രമിയും കൊലയാളിയുമാണ്. അയാൾക്ക് ഒരിക്കലും സുഹൃത്താകാൻ കഴിയില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് അഡോൾഫ് ഹിറ്റ്‌ലറെ സുഹൃത്തെന്ന് വിളിക്കുന്നതിന് തുല്യമാണിത്’ എന്നായിരുന്നു സെലെൻസ്‌കിയുടെ പ്രതികരണം.

അക്രമിയോട് നിഷ്പക്ഷത പുലർത്തുന്നത് അക്രമത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യൻ ആക്രമണങ്ങളെ തടയാൻ ശേഷിയുള്ള യഥാർഥ സഖ്യകക്ഷികളെയാണ് യുക്രെയ്‌നിന് ആവശ്യമെന്നും സെലെൻസ്‌കി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക