ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങൾക്കെതിരെ ശക്തമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെഹ്‌റാനുമായി സമാധാന കരാർ ചർച്ച ചെയ്യാൻ നൽകിയ 60 ദിവസത്തെ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
ഇറാന് സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, കമ്പനികൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. എണ്ണക്കടത്ത്, പണ കൈമാറ്റം, എക്സ്ചേഞ്ച് ഹൗസുകൾ, കപ്പൽ രജിസ്ട്രികൾ, ഫ്രണ്ട് കമ്പനികൾ തുടങ്ങിയ സംവിധാനങ്ങളിലൂടെയുള്ള സഹായവും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പിന്തുണ നൽകുന്ന രാജ്യങ്ങൾ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഭീഷണി ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും അമേരിക്കയുടെ സഖ്യകക്ഷികൾ ഒപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇറാനുമായുള്ള സാമ്പത്തിക ബന്ധം താൽക്കാലികമായി നിർത്തിവച്ചതായി യുഎഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു.
ഇതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും കുത്തനെ കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ആഗോള സമുദ്ര എണ്ണ, എൽഎൻജി വ്യാപാരത്തിന്റെ പ്രധാന ഭാഗം കടന്നുപോകുന്ന ഈ ജലപാതയിലെ നിയന്ത്രണങ്ങൾ ആഗോള ഊർജ വിപണിയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്
