ദൽഹി സർവകലാശാലാ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ ചർച്ചയാകുന്നു; കെ.സി. വേണുഗോപാലിനോട് റിപ്പോർട്ട് തേടി രാഹുൽ

ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്‌യുഐക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ കോൺഗ്രസ് നേതൃത്വം വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

തിരഞ്ഞെടുപ്പിൽ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ സ്വന്തമാക്കി എബിവിപി മേൽക്കൈ നേടി. എബിവിപി സ്ഥാനാർഥി യഷ് ദബാസ് 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൻഎസ്‌യുഐയുടെ വിജയ് മീണയെ പരാജയപ്പെടുത്തി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അതേസമയം, വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്ര സ്ഥാനാർഥി ദീപാൻഷു ഷൗകീനാണ്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് എൻഎസ്‌യുഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷുവിന്റെ വിജയം സംഘടനയ്ക്കുള്ളിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും നടന്നുവെന്ന് ആരോപിച്ച് എൻഎസ്‌യുഐ രംഗത്തെത്തി. വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും തിരിച്ചറിയൽ കാർഡുകൾ പിടിച്ചുവെക്കുകയും ചെയ്തുവെന്നാണ് എൻഎസ്‌യുഐ സ്ഥാനാർഥി വിജയ് മീണയുടെ ആരോപണം. വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായ സംഘടനാ വീഴ്ചകൾ, സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ, പ്രചാരണ തന്ത്രങ്ങളിലെ പോരായ്മകൾ എന്നിവ കോൺഗ്രസ് നേതൃത്വം വിശദമായി വിലയിരുത്തുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക