മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. ഗ്യാനേഷ് കുമാർ ആർഎസ്എസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും അദ്ദേഹം രാജിവെച്ചേ തീരൂവെന്നും പിണറായി പറഞ്ഞു. പുന്നപ്ര–വയലാർ വാരാചരണ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അവകാശങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത നഷ്ടപ്പെട്ടുവെന്നും പിണറായി ആരോപിച്ചു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുകയാണെന്നും പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും പിണറായി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ മൂല്യങ്ങൾ നശിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും രാജ്യത്ത് പ്രക്ഷോഭം ശക്തമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധങ്ങളിൽ വിദ്യാർഥികളും യുവജനങ്ങളും അഭിമാനകരമായ പങ്കാണ് വഹിച്ചത്. ഇടതുപക്ഷത്തെ ചെറുതാക്കാൻ ശ്രമിച്ചെങ്കിലും അതിന്റെ ഇടപെടൽ പ്രസക്തമായിരുന്നുവെന്നും ഇടതുപക്ഷം കരുത്തോടെ ഇടപെട്ടുവെന്നും പിണറായി പറഞ്ഞു.
ഇന്ത്യയുടെ വിദേശനയത്തെയും പിണറായി വിമർശിച്ചു. അമേരിക്കയെ പ്രീതിപ്പെടുത്തുന്ന നയമാണ് ഇന്ത്യ പിന്തുടരുന്നതെന്നും ആർഎസ്എസിന് അമേരിക്കയോടും ഇസ്രയേലിനോടും പ്രീണനമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്രാജ്യത്വത്തിന് പൂർണമായും കീഴടങ്ങിയെന്നും അമേരിക്കക്കെതിരെ ശക്തമായ സമരങ്ങൾ നടന്ന നാടാണ് ഇന്ത്യയെന്നും പിണറായി വിജയൻ പറഞ്ഞു.
