മുൻ ചൈനീസ് ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമർശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ചൈനീസ് ആരാധകരോട് മാപ്പുപറഞ്ഞ് ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപ്പെ. തന്റെ പ്രതികരണം വിവേകമില്ലാത്തതായിരുന്നുവെന്നും ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തെയും അത് വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കുന്നുവെന്നും താരം പറഞ്ഞു.
ആരെയെങ്കിലും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചൈനയിലെ ജനങ്ങളോടും അവരുടെ ചരിത്രത്തോടും തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും എംബപ്പെ വ്യക്തമാക്കി. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ തന്റെ മുഖം ഉൾപ്പെടുത്തി പ്രചരിച്ച മീമുകളെക്കുറിച്ച് എംബപ്പെ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം ആരംഭിച്ചത്. ഏത് മീമാണ് ഏറ്റവും ഇഷ്ടമെന്ന ചോദ്യത്തിന്, ചൈനീസ് ഏകാധിപതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാളുടെ ശരീരത്തിൽ തന്റെ മുഖം ചേർത്ത മീമാണ് ഇഷ്ടമെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതിനു പിന്നാലെ മാവോ സേതുങ്ങിന്റെ ശരീരത്തിൽ എംബപ്പെയുടെ മുഖം ചേർത്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു.
വിവാദം ശക്തമായതോടെ ചൈനയിലെ മൂന്ന് പ്രമുഖ കമ്പനികൾ എംബപ്പെയുമായുള്ള കരാറുകൾ റദ്ദാക്കിയതായാണ് റിപ്പോർട്ട്. ഡോങ്പെങ് ബെവറേജ്, ക്ഷീര ഉത്പന്ന നിർമാതാക്കളായ മെങ്നിയു, ചീസ് ഉത്പന്ന കമ്പനിയായ മിൽക്ക് ഗ്രൗണ്ട് എന്നിവയാണ് ഈ കമ്പനികൾ. ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ എംബപ്പെയുമായും ലാലിഗയുമായും ബന്ധപ്പെട്ട മത്സരങ്ങളും പരിപാടികളും സംപ്രേഷണം ചെയ്യുന്നത് നിർത്തിവെച്ചതായും പരസ്യങ്ങൾ നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് താരം പരസ്യമായി ഖേദപ്രകടനം നടത്തിയത്.
