ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ നിരാഹാര സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെത്തുടർന്ന് സംഘർഷം. ക്യാമ്പസിനുള്ളിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. ഈ മാസം 16-ന് ആരംഭിച്ച സമരത്തിന്റെ ഭാഗമായാണ് ക്യാമ്പസിൽ പന്തൽ ഒരുക്കിയിരുന്നത്.
സംഘർഷം രൂക്ഷമായതോടെ സർവകലാശാലയിലെ പതിവ് ക്ലാസുകൾ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
