ഒരു വി ഡി സതീശന്‍ മാത്രമല്ല, നിരവധി സതീശന്‍മാര്‍ കോണ്‍ഗ്രസിലുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു ഫോർമുല നിർദേശിച്ചതായി കെ സുധാകരൻ

കോൺഗ്രസിൽ ഒരു വിഡി സതീശൻ മാത്രമല്ല, നിരവധി “സതീശന്മാർ” ഉണ്ടെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ . വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരൊറ്റ പേരല്ല, ഒരു ഫോർമുലയാണ് താൻ നിർദേശിച്ചതെന്നും, എന്നാൽ അത് പുറത്തു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പാർട്ടിക്കുള്ളിലെ രഹസ്യമായ നിലപാടാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നിരവധി നേതാക്കളുള്ള പാർട്ടിയാണെന്നും, ഓരോരുത്തർക്കും കഴിവുള്ള നേതൃഗുണങ്ങളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഒരു വി.ഡി. സതീശൻ മാത്രമല്ല, നിരവധി സതീശന്മാർ കോൺഗ്രസിലുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എംഎൽഎമാരുടെ പിന്തുണയാണ് പാർട്ടിയുടെ പ്രധാന രാഷ്ട്രീയ ശക്തിയെന്നും, അവരുടെ പിന്തുണയില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് പാർട്ടിയാണെന്നും, അതിന് മുമ്പ് എംഎൽഎമാരുടെ അഭിപ്രായവും പ്രവർത്തകരുടെ വികാരവും പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയാകുന്നവർക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് “അത് അവർ കണ്ടെത്തട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്ന് വ്യക്തമാക്കിയ സുധാകരൻ, അന്തിമ തീരുമാനം പാർട്ടിയുടേതായിരിക്കണമെന്നും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക