മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ . മുരളീധരൻ. കാലത്തിനനുസരിച്ച് യാത്രാ സംവിധാനങ്ങളും മാറുമെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
“കാലം മാറുമ്പോൾ കാർ മാറി ഹെലികോപ്റ്റർ ഉപയോഗിക്കും. അതിൽ എന്താണ് തെറ്റ്?” എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞത്.
മുൻ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചതിനെതിരെ ഇത്രയും വിമർശനങ്ങൾ ഉയർന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ മുഖ്യമന്ത്രിയുടെ കാലത്തും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നുവെന്നും അന്ന് അതിനെ വലിയ വിവാദമാക്കിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
“കഴിഞ്ഞ സർക്കാർ കാലത്ത് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പോയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. അതൊന്നും വലിയ അത്ഭുതമായിരുന്നില്ല. സർക്കാർ ഖജനാവിൽ നിന്ന് അധിക ചെലവ് വന്നിട്ടുണ്ടോ എന്നതാണ് പ്രധാന കാര്യം,” മന്ത്രി പറഞ്ഞു.
അതേസമയം, ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിൽ യാത്ര ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ശക്തമാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകളെ വിമർശിച്ചിരുന്ന സതീശൻ തന്നെ ഇപ്പോൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചുവെന്നാണ് വിമർശകരുടെ ആരോപണം.
മുഖ്യമന്ത്രിയുടെ യാത്രയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമായത്.
