727 കോടിയുടെ അധിക ബാധ്യതാ മുന്നറിയിപ്പ്; കെ.എസ്.ഇ.ബി ചെയർമാന്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതി വാങ്ങൽ തർക്കമെന്ന് റിപ്പോർട്ട്

കേരളത്തിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണോ, സ്വകാര്യ കമ്പനിയുടെ വാഗ്ദാനം സ്വീകരിക്കണോ എന്ന തർക്കമാണ് കെ.എസ്.ഇ.ബി ചെയർമാൻ ഡോ. രാജമാണിക്യത്തിന്റെ സ്ഥാനചലനത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. സ്വകാര്യ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വാങ്ങിയാൽ ബോർഡിന് 727 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് രാജമാണിക്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഹിമാചൽപ്രദേശിൽനിന്നുള്ള വൈദ്യുതി വാങ്ങലിന് പകരം സ്വകാര്യ കമ്പനിയുടെ വാഗ്ദാനം പരിഗണിക്കാനായിരുന്നു സർക്കാർ താൽപര്യമെന്നാണ് വിവരം.

ഒക്ടോബറിലെ വൈദ്യുതിനിയന്ത്രണം ഒഴിവാക്കുന്നതിനായി ഹിമാചൽപ്രദേശ് പവർ കോർപ്പറേഷനിൽനിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയത്. സർക്കാർതല ചർച്ചകളിലൂടെ നിരക്ക് 12.50 രൂപയായി കുറച്ച് മേയ് വരെ വാങ്ങൽ തുടരണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. ലഭിക്കുന്ന വൈദ്യുതിയുടെ 80 ശതമാനവും രാത്രിയിലായതിനാൽ ഉയർന്ന നിരക്കിലും ഈ ഇടപാട് ഗുണകരമാണെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

ഇതിനിടെയാണ് സ്വകാര്യ കമ്പനിയായ ജി.എൻ.എ. എനർജി പ്രൈവറ്റ് ലിമിറ്റഡ് മാർച്ച് വരെ പകലും രാത്രിയിലുമായി 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപ നിരക്കിൽ നൽകാമെന്ന് സർക്കാരിന് വാഗ്ദാനം ചെയ്തത്. എന്നാൽ കേരളത്തിന് പകൽ അധിക വൈദ്യുതി ആവശ്യമില്ലെന്നും രാത്രിയിലെ ആവശ്യമാണ് പ്രധാനമായും പരിഹരിക്കേണ്ടതെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

ജി.എൻ.എയിൽനിന്ന് മാർച്ച് വരെ വൈദ്യുതി വാങ്ങാൻ 1,566 കോടി രൂപ ചെലവാകുമെന്നാണ് രാജമാണിക്യം നൽകിയ റിപ്പോർട്ടിലുള്ളത്. അതേസമയം, ഹിമാചൽപ്രദേശിൽനിന്ന് രാത്രിയിലെ ആവശ്യത്തിനായി വൈദ്യുതി വാങ്ങാൻ 1,281 കോടി രൂപ മതിയാകും. സ്വകാര്യ കമ്പനിയിൽനിന്ന് രാത്രിയിൽ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതിനാൽ ക്ഷാമം പരിഹരിക്കാൻ 442 കോടി രൂപയുടെ വൈദ്യുതി കൂടി വാങ്ങേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ജി.എൻ.എ. വഴിയുള്ള ഇടപാടിന് ഹിമാചൽപ്രദേശിൽനിന്നുള്ള വാങ്ങലിനെക്കാൾ 727 കോടി രൂപ അധികമായി ചെലവാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.

ജി.എൻ.എ.യിൽനിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലെന്നും ഇനി അനുമതി ലഭിക്കാനുള്ള സാധ്യത കുറവാണെന്നും ബോർഡ് നിലപാടെടുത്തിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ വാഗ്ദാനവുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ താൽപര്യമെന്ന് അറിഞ്ഞതോടെ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് രാജമാണിക്യം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. സ്വകാര്യ കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ ഇതുവരെ കെ.എസ്.ഇ.ബിക്ക് ഔദ്യോഗിക നിർദേശവും നൽകിയിട്ടില്ല.

സ്ഥാനമേറ്റതിന് പിന്നാലെ വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതിൽ വിമർശനം നേരിട്ട രാജമാണിക്യം, ജനുവരി മുതൽ എൻ.ടി.പി.സി.യിൽനിന്ന് യൂണിറ്റിന് 5.60 രൂപ നിരക്കിൽ 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ചർച്ചകളിലൂടെ ധാരണയിലെത്തിയിരുന്നു. തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കാനും നടപടികളെടുത്തിരുന്നു. വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളെച്ചൊല്ലിയുള്ള തർക്കം ചെയർമാന്റെ സ്ഥാനചലനത്തിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകൾക്കിടെ, സർക്കാരിന്റെ വൈദ്യുതി വാങ്ങൽ നയവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ചർച്ചയാകുകയാണ്.

മറുപടി രേഖപ്പെടുത്തുക