അബുദാബിയിലെ 99 ശതമാനം ടാക്‌സികളും ഹരിത വാഹനങ്ങൾ; സുസ്ഥിര ഗതാഗതത്തിൽ വൻ മുന്നേറ്റം

സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള മാറ്റത്തിൽ നിർണായക നേട്ടവുമായി അബുദാബി. നഗരത്തിലെ 6,147-ലധികം വാഹനങ്ങളുള്ള ടാക്‌സി ശൃംഖലയിൽ ഏകദേശം 99 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളാണെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ, ഹൈബ്രിഡ് കാറുകൾ, പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എന്നിവയാണ് ടാക്‌സി വ്യൂഹത്തിലുള്ളത്.

പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും പൊതുഗതാഗത മേഖലയിലെ കാർബൺ ബഹിർഗമനം നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററാണ് പദ്ധതി നടപ്പാക്കുന്നത്. വരും വർഷങ്ങളിൽ ടാക്‌സി ശൃംഖല പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

ഹരിത വാഹനങ്ങൾക്ക് പുറമെ യാത്രക്കാർക്കായി ആധുനിക ഡിജിറ്റൽ സേവനങ്ങളും അബുദാബി ഒരുക്കിയിട്ടുണ്ട്. ‘അബുദാബി ടാക്‌സി’ ആപ്പ് വഴിയുള്ള സ്മാർട്ട് ബുക്കിങ്, ക്യുആർ കോഡ്, വിവിധ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിലെ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് അബുദാബി കൂടുതൽ വേഗം നൽകുകയാണ്.

മറുപടി രേഖപ്പെടുത്തുക