ഇന്ത്യാ മുന്നണിയിൽ അവഗണനയെന്ന് മുസ്‌ലിം ലീഗ്; കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാൻ നീക്കം

ഇന്ത്യാ മുന്നണിയിൽ അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ). മുന്നണിയുടെ പ്രധാന പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ നേതാക്കളെ തുടർച്ചയായി ഒഴിവാക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ലീഗിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലാണ് അവഗണനയ്ക്ക് പിന്നിലെന്നും പാർട്ടി നേതൃത്വം സംശയിക്കുന്നു. വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തി അതൃപ്തി അറിയിക്കാനാണ് ലീഗിന്റെ നീക്കം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധങ്ങളാണ് ലീഗിന്റെ അതൃപ്തി വർധിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകാൻ നിശ്ചയിച്ച പ്രതിനിധി സംഘത്തിൽനിന്ന് അവസാന നിമിഷം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതാണ് ആദ്യ തിരിച്ചടിയായത്. തുടർന്ന് രാംലീല മൈതാനിയിൽ നടന്ന ‘ഡൽഹി ചലോ’ റാലിയിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നൽകാത്തതും ലീഗ് അവഹേളനമായി കാണുന്നു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പ്രസംഗിക്കാൻ അവസരം നൽകിയപ്പോഴാണ് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത്. ഇന്ത്യാ മുന്നണിയുടെ വിദ്യാർഥി-യുവജന ഏകോപന സമിതിയിൽ മുസ്‌ലിം യൂത്ത് ലീഗിനെയും എംഎസ്എഫിനെയും ഉൾപ്പെടുത്താത്തതും പാർട്ടി ചൂണ്ടിക്കാട്ടുന്നു.

കെ.സി. വേണുഗോപാലാണ് അവഗണനയ്ക്ക് പിന്നിലെന്നാണ് ലീഗിലെ മുതിർന്ന നേതാക്കളുടെ ആരോപണം. പാർട്ടി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തിരിച്ചെത്തിയശേഷം കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി വിഷയം ചർച്ച ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെയോ പ്രിയങ്ക ഗാന്ധിയുടെയോ ശ്രദ്ധയിൽ വിഷയം ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നും ലീഗ് വൃത്തങ്ങൾ പറയുന്നു.

അതേസമയം, ലീഗിന് പിന്തുണയുമായി കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലരും രംഗത്തെത്തിയിട്ടുണ്ട്. പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി, കോൺഗ്രസിന്റെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സഖ്യകക്ഷിയാണ് മുസ്‌ലിം ലീഗെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 1969 മുതൽ തുടരുന്ന സഖ്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യം അവഗണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചയിൽ വി.ഡി. സതീശനെ പിന്തുണച്ചതാണ് കെ.സി. വേണുഗോപാലിന് ലീഗിനോടുള്ള അതൃപ്തിക്ക് കാരണമെന്നാണ് മലബാറിൽ നിന്നുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ ആരോപണം. കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ലീഗിനെ അവഗണിക്കുന്നത് മുന്നണിയുടെ ഭാവി രാഷ്ട്രീയത്തെ ബാധിക്കാമെന്നും വിഷയം വേഗത്തിൽ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക