വയനാട് ടൗൺഷിപ്: ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും ഊരാളുങ്കൽ സൊസൈറ്റി ഇന്ന് കിഫ്കോണിന് കൈമാറും

വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തിയായി. ആകെ 178 വീടുകൾ ഇന്ന് കിഫ്കോണിന് കൈമാറും. സേവന കണക്ഷനുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി, ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പരിശോധനയ്ക്കായി കൈമാറ്റം നടത്തുന്നത്.

ഇതിനകം 140 വീടുകൾ കഴിഞ്ഞ ദിവസങ്ങളിലായി കിഫ്കോണിന് കൈമാറിയിരുന്നു. ബാക്കിയുള്ള 38 വീടുകളും ഇന്ന് കൈമാറുന്നതോടെ ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടുകളുടെ കൈമാറ്റം പൂർത്തിയാകും.

കബോർഡുകളും വാർഡ്റോബുകളും അടക്കം ഇന്റീരിയർ പൂർത്തിയാക്കി. സബ് സ്റ്റേഷനുകളിൽനിന്നു ഫീഡർ പില്ലറുകളിലേക്കും അവിടെനിന്നു വീടുകളിലേക്കും വൈദ്യുതി എത്തുന്നത് മണ്ണിനടിയിലെ ഡക്റ്റുകൾ വഴിയാണ്. അതും പൂർത്തിയാക്കി. കുടിവെള്ളകണക്ഷനുകളും നല്കി. എല്ലാ വീട്ടിലും സമൃദ്ധമായി ജലം എത്തുന്നുണ്ട്.

കൈമാറിയ മുഴുവൻ വീട്ടിലെയും കക്കൂസ് മാലിന്യങ്ങൾ നീക്കാനുള്ള സ്വീവേജ് സംവിധാനം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുമായി ബന്ധിപ്പിച്ചും കഴിഞ്ഞു. വിവിധ സേവനകേബിളുകളും വീടുകളുമായി ബന്ധിപ്പിച്ചു. പുരപ്പുറസോളാർ സംവിധാനവും സ്ഥാപിച്ചാണ് ഒന്നാം ഘട്ടത്തിലെ മുഴുവൻ വീടും കൈമാറുന്നത്.

മറുപടി രേഖപ്പെടുത്തുക