ശ്രീനാരായണീയ ദർശനമോ ഹിന്ദുത്വ രാഷ്ട്രീയമോ? വെള്ളാപ്പള്ളിയോട് പി. ജയരാജന്റെ ചോദ്യം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ശ്രീനാരായണ ഗുരുവിന്റെ മാനവിക ദർശനത്തോടൊപ്പമാണോ, അതോ ഹിന്ദുത്വ വർഗീയതയെ പ്രതിനിധീകരിക്കുന്ന സംഘപരിവാറിനൊപ്പമാണോ വെള്ളാപ്പള്ളി നിലയുറപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണവുമായി ബന്ധപ്പെട്ട പ്രസംഗത്തിൽ താൻ ഉന്നയിച്ച ചോദ്യത്തിന് വെള്ളാപ്പള്ളി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. 1935ൽ അന്നത്തെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സി. കേശവൻ നടത്തിയ കോഴഞ്ചേരി പ്രസംഗവും ഇന്നത്തെ വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളും തമ്മിലുള്ള വ്യത്യാസം എത്രയാണെന്നായിരുന്നു തന്റെ ചോദ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

കോഴഞ്ചേരി പ്രസംഗത്തിൽ ഈഴവർ ഹിന്ദുക്കളായി വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് സി. കേശവൻ പ്രഖ്യാപിച്ചിരുന്നുവെന്നും ജാതിവിവേചനത്തെയും അസമത്വത്തെയും അദ്ദേഹം ശക്തമായി വിമർശിച്ചിരുന്നുവെന്നും ജയരാജൻ കുറിച്ചു. പ്രസംഗത്തിന്റെ പേരിൽ സി. കേശവന് രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ മാധ്യമപ്രവർത്തകരുമായുള്ള ചർച്ചയിൽ താൻ ഹിന്ദുവാണെന്ന് വെള്ളാപ്പള്ളി നടേശൻ അവകാശപ്പെട്ടതായും ജയരാജൻ പരാമർശിച്ചു. ശ്രീനാരായണ ഗുരു സ്വയം അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും എസ്എൻഡിപി യോഗത്തിന്റെ ഔദ്യോഗിക രേഖകളിലും ശിവഗിരിയിലെ ധർമസംഘം ട്രസ്റ്റിന്റെ നിയമാവലിയിലും ‘ഹിന്ദു’ എന്ന പദം കാണാനാകില്ലെന്നുമാണ് ജയരാജന്റെ വാദം.

ശ്രീനാരായണ ഗുരുവിന്റെ ദർശനം പിന്തുടരുന്നവർ ഹിന്ദുത്വ വർഗീയ ശക്തികൾക്കെതിരെയാണ് നിലയുറപ്പിക്കേണ്ടതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. മാനവികത ഉയർത്തിപ്പിടിക്കുന്ന ശ്രീനാരായണീയ പാരമ്പര്യത്തോടൊപ്പമാണോ സംഘപരിവാർ രാഷ്ട്രീയത്തോടൊപ്പമാണോ വെള്ളാപ്പള്ളി നിൽക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകിയാകണം സംവാദം ആരംഭിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക