ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈയിലെ വ്യവസായി വർധ്മാൻ ജെയിനും ഭാര്യ രാധിക ജെയിനും. ഏകദേശം 206 കോടി രൂപ വിലമതിക്കുന്ന 46 സ്വർണാഭരണങ്ങളാണ് ദമ്പതികൾ ക്ഷേത്രത്തിന് സംഭാവനയായി നൽകിയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു സമർപ്പണം.
കിരീടം, മാലകൾ, കൈവളകൾ, അരയാഭരണങ്ങൾ തുടങ്ങി പരമ്പരാഗത രീതിയിൽ നിർമിച്ച ആഭരണങ്ങളാണ് ദാനത്തിലുള്ളത്. ചില ആഭരണങ്ങളിൽ വജ്രങ്ങളും പതിച്ചിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണസമർപ്പണങ്ങളിലൊന്നായാണ് ഈ സംഭാവന വിശേഷിപ്പിക്കപ്പെടുന്നത്. ഇത്രയും വലിയൊരു ദാനം നടത്തിയ വർധ്മാൻ ജെയിൻ ആരാണെന്ന ചോദ്യവും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ആരാണ് വർധ്മാൻ ജെയിൻ?
ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം നേടിയ വർധ്മാൻ ജെയിൻ പിന്നീട് അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തി. 1997ൽ അനുരാഗ് ജെയിനുമായി ചേർന്ന് വിഷൻ ഹെൽത്ത് സോഴ്സ് എന്ന കമ്പനി സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം സംരംഭക രംഗത്തേക്ക് കടന്നുവന്നത്.
ആരോഗ്യ മേഖലയിലെ ബില്ലിങ്, ഇൻഷുറൻസ് ക്ലെയിം മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങളിലായിരുന്നു കമ്പനിയുടെ പ്രധാന പ്രവർത്തനം. പിന്നീട് ഡെൽ സർവീസസിന്റെ ആഗോള ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിങ് വിഭാഗത്തിന്റെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു. നൂറിലധികം ഉപഭോക്തൃ സ്ഥാപനങ്ങളുടെയും ഏകദേശം 9,000 ജീവനക്കാരുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം ആക്സസ് ഹെൽത്ത്കെയർ എന്ന സംരംഭത്തിന് തുടക്കമിട്ടത്.
ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും
സംരംഭക രംഗത്തെ നേട്ടങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വർധ്മാൻ ജെയിൻ സജീവമാണ്. ശ്രീ സരിത ജെയിൻ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയായി പ്രവർത്തിക്കുന്ന അദ്ദേഹം പിന്നാക്ക വിഭാഗങ്ങളിലെ യുവാക്കൾക്ക് തൊഴിൽ പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിനായി ആവിഷ്കാർ എന്ന സംരംഭത്തിനും തുടക്കമിട്ടു.
കുട്ടികളുടെ ആരോഗ്യസംരക്ഷണ മേഖലയിലും അദ്ദേഹത്തിന്റെ സഹായങ്ങൾ എത്തുന്നുണ്ട്. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പിന്തുണ നൽകുന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്.
തിരുപ്പതിയുമായി വർഷങ്ങളുടെ ബന്ധം
തിരുപ്പതി ക്ഷേത്രവുമായുള്ള വർധ്മാൻ ജെയിന്റെ ബന്ധം പുതിയതല്ല. നേരത്തെയും ക്ഷേത്രത്തിനും അനുബന്ധ സ്ഥാപനങ്ങൾക്കുമായി വലിയ സാമ്പത്തിക സഹായങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.
ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിനായി ഏഴ് കോടി രൂപയും ക്ഷേത്രത്തിലെ ഗോശാലയിൽ കാലിത്തീറ്റ മിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്. നാണയങ്ങൾ തരംതിരിക്കുന്ന യന്ത്രം വാങ്ങുന്നതിനായി ഒരു കോടി രൂപയും നൽകിയിരുന്നു. ക്ഷേത്രത്തിലെ ഗതാഗത സൗകര്യങ്ങൾക്കായി ഇലക്ട്രിക് ബസുകളും സംഭാവന ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഇപ്പോൾ 121 കിലോ സ്വർണാഭരണങ്ങൾ സമർപ്പിച്ചിരിക്കുന്നത്. ഏകദേശം 206 കോടി രൂപ വിലമതിക്കുന്ന ഈ സംഭാവനയിലൂടെ തിരുപ്പതി ക്ഷേത്രത്തിലെ ഏറ്റവും വലിയ ദാതാക്കളിൽ ഒരാളെന്ന നിലയിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് വർധ്മാൻ ജെയിൻ. ബിസിനസ് വിജയത്തിനൊപ്പം ക്ഷേത്രത്തിനും സാമൂഹിക സേവനങ്ങൾക്കും വലിയ തോതിൽ സംഭാവന നൽകുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
