വേഷത്തിനപ്പുറം ആത്മീയ യാത്ര; ‘രാമായണ’ത്തിലെ സീതയെക്കുറിച്ച് സായ് പല്ലവി

വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ സീതാദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആത്മീയമായ സമീപനം പങ്കുവെച്ച് നടി സായ് പല്ലവി. കീഴടങ്ങലും പ്രാർഥനയും മുൻനിർത്തിയാണ് ഈ കഥാപാത്രത്തെ സമീപിക്കുന്നതെന്നും മുൻവിധികളില്ലാതെ കഥാപാത്രത്തിൽനിന്ന് ഉൾക്കൊള്ളാൻ കഴിയുന്ന ജ്ഞാനത്തിനായി മനസ്സ് തുറന്നുവെക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

അമിതാഭ് ബച്ചൻ അവതാരകനായ ജനപ്രിയ ക്വിസ് ഷോയായ ‘കൗൻ ബനേഗ ക്രോർപതി’യുടെ വേദിയിൽ നടൻ രൺബീർ കപൂർ, രവി ദുബെ എന്നിവർക്കൊപ്പമാണ് സായ് പല്ലവി എത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘രാമായണ’ത്തിന്റെ ഭാഗമായതിന്റെ അനുഭവങ്ങളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനു പിന്നിലെ ചിന്തകളും താരങ്ങൾ പരിപാടിയിൽ പങ്കുവെച്ചു.

മൂന്നു താരങ്ങളെയും സ്വാഗതം ചെയ്ത അമിതാഭ് ബച്ചൻ ചിത്രത്തോടുള്ള തന്റെ താൽപര്യവും പ്രകടിപ്പിച്ചു. തുടർന്ന്, നിർമാതാക്കളും സംവിധായകരും കഥാപാത്രങ്ങളെക്കുറിച്ച് അറിയിച്ചപ്പോൾ മനസ്സിൽ എന്താണ് തോന്നിയതെന്ന് അദ്ദേഹം ചോദിച്ചു. ‘ലേഡീസ് ഫസ്റ്റ്’ എന്നു പറഞ്ഞ് സായ് പല്ലവിക്കാണ് ആദ്യം മറുപടി നൽകാൻ അവസരം നൽകിയത്.

സീതാദേവിയുടെ വേഷം ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, സാധാരണയായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തനിക്ക് അതിനായി എന്തുചെയ്യാനാകുമെന്നാണ് ചിന്തിക്കാറുള്ളതെന്ന് സായ് പല്ലവി പറഞ്ഞു. എന്നാൽ സീതാദേവിയുടെ വേഷം ലഭിച്ചപ്പോൾ തന്റെ ചിന്ത മാറിയെന്നും ഈ കഥാപാത്രത്തിൽനിന്ന് തനിക്ക് എന്ത് പഠിക്കാനാകുമെന്നും എന്ത് ജ്ഞാനം നേടാനാകുമെന്നുമാണ് ആലോചിച്ചതെന്നും താരം വ്യക്തമാക്കി.

കഥാപാത്രത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പോലും മുൻവിധികളില്ലാതെ സമീപിക്കാനായിരുന്നു ആഗ്രഹമെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. മനസ്സിൽ പ്രത്യേക സങ്കൽപ്പങ്ങൾ നിറയ്ക്കാതെ പ്രാർഥനയോടെ വേഷത്തെ സ്വീകരിക്കാനാണ് തീരുമാനിച്ചത്. ‘അമ്മേ, എന്നിലൂടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുവദിക്കണമേ’ എന്നായിരുന്നു തന്റെ പ്രാർഥനയെന്നും താരം വിശദീകരിച്ചു.

സായ് പല്ലവിയുടെ മറുപടിയെ അമിതാഭ് ബച്ചൻ അഭിനന്ദിച്ചു. വളരെ മികച്ചൊരു ആശയമാണ് താരം പങ്കുവെച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സീതാദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെ ഒരു അഭിനയാവസരമായി മാത്രമല്ല, ആത്മീയമായ പഠനാനുഭവമായും കാണുന്ന സായ് പല്ലവിയുടെ സമീപനം ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിയുള്ള ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാപദ്ധതികളിലൊന്നാണ്.

മറുപടി രേഖപ്പെടുത്തുക