‘രാമായണ’ത്തിൽ പാടാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്കാരം; സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ പാടാൻ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക അമൃത സുരേഷ്. എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ‘മനം പോലെ മംഗല്യം’ എന്ന ഗാനം ആലപിക്കാൻ കഴിഞ്ഞത് സ്വപ്നംപോലെയായിരുന്നുവെന്നും തന്റെ സംഗീതജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണിതെന്നും അമൃത പറഞ്ഞു. റിപ്പോർട്ടർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് താരം അനുഭവം പങ്കുവെച്ചത്.

‘രാമായണ’ത്തിന്റെ ഓഡിയോ ലോഞ്ചും സിനിമയുടെ പ്രഖ്യാപനവുമൊക്കെ നടന്ന സമയത്ത് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി അമൃത വെളിപ്പെടുത്തി. എന്നാൽ ചിത്രത്തിനുവേണ്ടി പാടാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

എ.ആർ. റഹ്മാനുവേണ്ടി പാടുന്ന മൂന്നാമത്തെ ഗാനമാണിതെന്നും അദ്ദേഹവുമായി നേരത്തെ തന്നെ സംഗീതപരമായ ബന്ധമുണ്ടെന്നും അമൃത വ്യക്തമാക്കി. റഹ്മാന്റെ സംഗീതപരിപാടികളിലും നിലവിലെ ടൂറിന്റെ ഭാഗമായും അമൃത പങ്കെടുക്കുന്നുണ്ട്. എങ്കിലും ‘രാമായണ’ത്തിൽ പാടാനുള്ള ക്ഷണം അപ്രതീക്ഷിതമായിരുന്നുവെന്ന് താരം പറഞ്ഞു.

പാട്ട് പുറത്തിറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് റഹ്മാന്റെ സ്റ്റുഡിയോയിൽനിന്ന് അമൃതയ്ക്ക് ഫോൺ കോൾ ലഭിച്ചത്. ‘മനം പോലെ മംഗല്യം’ എന്ന ഗാനം പാടണമെന്നായിരുന്നു നിർദേശം. അവസരം ലഭിച്ചതോടെ റെക്കോർഡിങ്ങിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിച്ചു. രാത്രി കൊച്ചിയിലെ സ്റ്റുഡിയോകളെല്ലാം അടച്ചിരുന്നെങ്കിലും എറണാകുളത്തെ പോപ്പ് മീഡിയ സ്റ്റുഡിയോ തുറപ്പിച്ചാണ് റെക്കോർഡിങ് നടത്തിയത്.

പാതിരാത്രി ആരംഭിച്ച റെക്കോർഡിങ് പുലർച്ചെ നാലുമണിവരെ നീണ്ടു. ഓരോ ഭാഗവും പാടി റഹ്മാന് അയച്ചുകൊടുക്കുകയും അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം അടുത്ത ഭാഗം റെക്കോർഡ് ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് ഗാനം പൂർത്തിയാക്കി കൈമാറിയതെന്നും അമൃത പറഞ്ഞു. ഈ അവസരം യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാൻ പോലും ആദ്യം കഴിഞ്ഞിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക