കേരളത്തിൽ ഇന്ന് (നവംബർ 3) വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (നവംബർ 4) വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
തെക്കൻ കേരളത്തിന് മുകളിലും മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക-തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്നും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴ ശക്തമാകാൻ കാരണം. നവംബർ 6 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
