ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും പിന്നീട് ആരാധകർക്കിടയിൽ കൾട്ട് പദവി സ്വന്തമാക്കിയ ചിത്രമാണ് സൂര്യ നായകനായെത്തിയ ‘ഏഴാം അറിവ്’. ചിത്രത്തിൽ നായികയായെത്തിയത് ശ്രുതി ഹാസനായിരുന്നു. എന്നാൽ ‘ഏഴാം അറിവ്’ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് നടി ശ്രുതി ഹാസൻ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
“ആ സിനിമ ചെയ്തിരുന്നില്ലെങ്കിൽ എന്ന് തോന്നാറുണ്ട്. ഞാനിത് പരസ്യമായി പറയാൻ ആഗ്രഹിക്കുകയാണ്. സിനിമയല്ല അതിന് കാരണം. പക്ഷേ, ഞാൻ വേണ്ടത്ര തയ്യാറെടുത്തിരുന്നില്ല. അച്ചടക്കമുണ്ടായിരുന്നില്ല. സിനിമയോടുള്ള എന്റെ സമീപനവും ശരിയായിരുന്നില്ല. എന്റെ പ്രകടനത്തിൽ എനിക്ക് തന്നെ തൃപ്തിയില്ല. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് തോന്നാറുണ്ട്,” ശ്രുതി പറഞ്ഞു.
“ആ സിനിമയെ ഗൗരവത്തോടെ സമീപിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് അത് പൂർണമായി ഉൾക്കൊള്ളാനായില്ലെന്നും” താരം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ശുഭ ശ്രീനിവാസൻ എന്ന ജനിതകശാസ്ത്ര വിദ്യാർഥിയുടെ വേഷമാണ് ശ്രുതി അവതരിപ്പിച്ചത്. ജൈവിക ആക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ ബോധിധർമന്റെ വേരുകൾ തേടിയിറങ്ങുന്ന കഥാപാത്രമായിരുന്നു ശുഭയുടേത്.
അടുത്തിടെ പുറത്തിറങ്ങിയ സൂര്യ ചിത്രം ‘സീനിലും’ ‘ഏഴാം അറിവി’ലെ പരാമർശമുണ്ടായിരുന്നു. പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ രംഗമായിരുന്നു ഇത്. അതേസമയം, തെലുങ്ക് ചിത്രമായ ‘ആകാശമ്ലോ ഒക താര’യാണ് ശ്രുതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ നായകനായ ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
