പുലിക്കളിക്കെതിരെ നടൻ വി.കെ. ശ്രീരാമൻ നടത്തിയ വിമർശനത്തോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശ്രീരാമൻ അത്തരമൊരു അഭിപ്രായം പറഞ്ഞുവെന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, അത് ശരിയാണെങ്കിൽ സങ്കടകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപ ധനസഹായം കൈമാറിയ ചടങ്ങിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഒരു കലാകാരൻ എന്ന നിലയിൽ പുലിക്കളി തനിക്ക് ഏറെ ഇഷ്ടമുള്ള കലാരൂപമാണെന്നും, സമൂഹത്തെ ആനന്ദിപ്പിക്കാൻ വലിയ ത്യാഗങ്ങൾ സഹിച്ചാണ് കലാകാരന്മാർ ഈ കലാപ്രകടനവുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പുലിക്കളി കലാകാരന്മാർക്ക് കൂടുതൽ കരുതലും പിന്തുണയും നൽകേണ്ടതുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം, പുരുഷന്മാരുടെ വയറും ശരീരഘടനയും കലാപ്രകടനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നത് “രൂപവൈകൃതത്തെ കലയാക്കുന്നതിന് തുല്യമാണെന്ന്” ചൂണ്ടിക്കാട്ടിയാണ് വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ വിമർശനവുമായി രംഗത്തെത്തിയത്. ലോകത്ത് മറ്റൊരിടത്തും കാണാനാകാത്ത തരത്തിലുള്ള കലാവൈകൃതമാണിതെന്നും അദ്ദേഹം പരിഹാസരൂപേണ അഭിപ്രായപ്പെട്ടിരുന്നു.
ശ്രീരാമന്റെ പരാമർശത്തിനെതിരെ വിവിധ പുലിക്കളി സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. അയ്യന്തോൾ പുലിക്കളി ദേശം ഉൾപ്പെടെയുള്ള സംഘടനകൾ, കലാകാരന്മാരെ അപമാനിക്കുന്ന തരത്തിലുള്ള ബോഡി ഷേമിങ്ങാണ് ശ്രീരാമൻ നടത്തിയതെന്ന് ആരോപിച്ചു. വിവാദം ശക്തമായ സാഹചര്യത്തിൽ വിഷയം കലാ-സാംസ്കാരിക രംഗത്ത് വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
