നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ . ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കാൻ എത്തിയത്. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മൂന്ന് പേരെ നഷ്ടപ്പെട്ട കുടുംബമാണിതെന്നും, അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഇപ്പോഴും അതീവ ഊർജിതമായി തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ള വിപുലമായ രക്ഷാപ്രവർത്തനങ്ങളാണ് ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം കടലിൽ തിരച്ചിൽ അസാധ്യമാകുന്ന ദിവസങ്ങളിൽ മാത്രമാണ് ദൗത്യം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതെന്നും, മറ്റ് എല്ലാ ദിവസങ്ങളിലും പരമാവധി സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
തിരച്ചിലിൽ വിവിധ ഏജൻസികളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും, ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കുടുംബാംഗങ്ങളുമായി സംസാരിച്ച മുഖ്യമന്ത്രി സർക്കാർ അവരുടെ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. സന്ദർശന വേളയിൽ പ്രദേശവാസികളും ജനപ്രതിനിധികളും ഉൾപ്പെടെ നിരവധി പേർ സന്നിഹിതരായിരുന്നു.
