സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കണമെന്ന് ധനകാര്യ വകുപ്പ് ആവർത്തിക്കുന്നതിനിടെ 6.7 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ നീക്കം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫിനും നൽകാനാണ് ഐപാഡുകൾ വാങ്ങുന്നതെന്നാണ് സൂചന. ഇതിനായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇ-ടെൻഡർ ക്ഷണിച്ചു.
ടെൻഡർ പ്രകാരം 13 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് പ്രോ, 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ എന്നീ മോഡലുകളിൽ 160 എണ്ണം വീതമാണ് വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോയ്ക്കായി 3.19 കോടി രൂപയും 11 ഇഞ്ച് ഐപാഡ് പ്രോയ്ക്കായി 2.23 കോടി രൂപയും ചെലവിടും. ശേഷിക്കുന്ന 1.27 കോടി രൂപ മൂന്നാമത്തെ മോഡലിനായി നീക്കിവെച്ചിട്ടുണ്ട്.
മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ഉൾപ്പെടെയുള്ള ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ചെലവുപരിധി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ 1.5 ലക്ഷം രൂപയിൽനിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്തിയിരുന്നു.
മുൻ എൽഡിഎഫ് സർക്കാരിൽനിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാർ ധവളപത്രം പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ കോടികൾ ചെലവിട്ട് ഐപാഡുകൾ വാങ്ങാനുള്ള നീക്കം ചർച്ചയായിട്ടുണ്ട്. ഐപാഡുകൾ ആർക്കൊക്കെ വിതരണം ചെയ്യുമെന്ന കാര്യം ടെൻഡർ രേഖകളിൽ വ്യക്തമാക്കിയിട്ടില്ല.
