ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിറകും കൽക്കരിയും ഉപയോഗിച്ച് പാചകം ചെയ്യാൻ നിർബന്ധിതരായി ജനങ്ങൾ. പൈപ്പ് വഴിയുള്ള പ്രകൃതിവാതകം ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം ലഭിക്കുന്നതും ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എൽപിജി) വില കുത്തനെ ഉയർന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പാകിസ്ഥാനിലെ പ്രമുഖ പത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) നിശ്ചയിച്ച കിലോയ്ക്ക് 279 പാകിസ്ഥാൻ രൂപ എന്ന വിലയ്ക്ക് പകരം വിപണിയിൽ എൽപിജി കിലോയ്ക്ക് 600 രൂപയ്ക്കാണ് വിൽക്കുന്നത്. വില നിയന്ത്രിക്കാനും നിശ്ചിത നിരക്കിൽ ഗ്യാസ് ലഭ്യമാക്കാനും ജില്ലാ ഭരണകൂടത്തിനും ഒജിആർഎയ്ക്കും കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. 11 കിലോയുടെ ഗ്യാസ് സിലിണ്ടറിന് 6,500 രൂപയായപ്പോൾ വാണിജ്യ സിലിണ്ടറുകളുടെ വില 25,000 രൂപയ്ക്ക് മുകളിലെത്തി.
കഴിഞ്ഞ രണ്ട് മാസമായി സ്യൂയി നാച്ചുറൽ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡിൽനിന്ന് (എസ്എൻജിപിഎൽ) ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ ലഭിക്കുന്നില്ലെന്നും സ്വകാര്യ കമ്പനികൾ ഉയർന്ന വിലയ്ക്ക് ഗ്യാസ് വിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തണുപ്പുകാലം ആരംഭിച്ചതോടെ ഗ്യാസ് ക്ഷാമം രൂക്ഷമായെന്നും പരാതികൾ നൽകിയിട്ടും അധികൃതർ പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും ഉപഭോക്താക്കൾ പറയുന്നു.
രാവിലെ ഏഴ് മുതൽ ഒൻപത് വരെയും ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയും വൈകിട്ട് ആറ് മുതൽ ഒൻപത് വരെയും മാത്രമാണ് പൈപ്പ് വഴിയുള്ള ഗ്യാസ് ലഭിക്കുന്നതെന്ന് ഇസ്ലാമാബാദ് നിവാസിയായ മുഹമ്മദ് സജ്ജാദ് പറഞ്ഞു. കുറഞ്ഞ മർദത്തിൽ ഗ്യാസ് ലഭിക്കുന്നതും കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. ഗ്യാസ് ക്ഷാമം കാരണം പല കുടുംബങ്ങൾക്കും പാചകം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വില വർധിച്ചതോടെ എൽപിജി സിലിണ്ടറുകൾ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതായി വ്യാപാരികൾ പറയുന്നു. മുമ്പ് വിദൂര പ്രദേശങ്ങളിൽനിന്നുള്ളവർ മാത്രമാണ് സിലിണ്ടറുകൾ നിറയ്ക്കാൻ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ പ്രദേശവാസികളും ആഴ്ചതോറും സിലിണ്ടറുകൾ നിറയ്ക്കാൻ എത്തുന്നുണ്ടെന്ന് വ്യാപാരിയായ മുഹമ്മദ് അക്മൽ പറഞ്ഞു.
ഇതിനിടെ, ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, ഗതാഗത നിരക്കുകൾ എന്നിവയുടെ വിലക്കയറ്റവും പാകിസ്ഥാനിലെ ജനജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ്. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തിനിടെ പെട്രോൾ വില 26.11 ശതമാനവും ഹൈസ്പീഡ് ഡീസൽ വില 26.39 ശതമാനവും ഉയർന്നതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ജൂലൈ ഒന്നിന് ലിറ്ററിന് 299.50 പാകിസ്ഥാൻ രൂപയായിരുന്ന പെട്രോൾ വില ഒക്ടോബർ 24ന് 377.71 രൂപയായി ഉയർന്നു. ഇതേ കാലയളവിൽ ഡീസൽ വില 311.47 രൂപയിൽനിന്ന് 393.66 രൂപയായും വർധിച്ചു. ഇന്ധനവില വർധന യാത്രാ-ചരക്കുഗതാഗത മേഖലയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
