രാജ്യസഭയിൽ ബിജെപി എംപി സുഷ്മിത ദേവ് നടത്തിയ ‘ലുങ്കിവാല’ പരാമർശത്തിനെതിരെ സിപിഎം എംപി ഡോ. ജോൺ ബ്രിട്ടാസ് അവകാശലംഘന നോട്ടീസ് നൽകി. പരാമർശം തികച്ചും അധിക്ഷേപകരവും ഒരു പാർലമെന്റ് അംഗത്തിന് യോജിക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് ബ്രിട്ടാസ് നോട്ടീസ് നൽകിയത്.
മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്നും, സഭയിൽ സംസാരിക്കുന്നതിനിടെ സുഷ്മിത ദേവ് നിരന്തരം ‘ലുങ്കിവാല’ എന്ന് വിളിച്ച് പരിഹസിച്ചതായും ബ്രിട്ടാസ് ആരോപിച്ചു. ഇത് അബദ്ധത്തിൽ സംഭവിച്ച പരാമർശമല്ലെന്നും ദക്ഷിണേന്ത്യക്കാരുടെ സാംസ്കാരിക സ്വത്വത്തെ ലക്ഷ്യമിട്ടുള്ള ബോധപൂർവമായ അധിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻകം ടാക്‌സ് ഭേദഗതി ഓർഡിനൻസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു വിവാദത്തിന് വഴിവെച്ച സംഭവം. ബ്രിട്ടാസിന്റെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന സുഷ്മിത ദേവ് ആവർത്തിച്ച് ‘ലുങ്കിവാല’ എന്ന് വിളിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെ തുടർന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ രൂക്ഷമായ വാഗ്വാദവും ബഹളവും ഉണ്ടായി. തുടർന്ന് ഇടപെട്ട രാജ്യസഭാ അധ്യക്ഷൻ, സഹപ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് അംഗങ്ങൾക്ക് നിർദേശം നൽകി. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും പ്രാദേശിക പാരമ്പര്യങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു. ബഹളത്തെ തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുമണിവരെ നിർത്തിവെക്കുകയും ചെയ്തു.
അതേസമയം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും വസ്ത്രധാരണ രീതികളെ ബിജെപി ബഹുമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കി. തങ്ങൾ ഇതിനെ ‘ലുങ്കി’യെന്നല്ല ‘ധോത്തി’ എന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. സുഷ്മിത ദേവിന്റെ വിശദീകരണവും സഭാ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
