നിപ മരുന്ന് വിവാദം: ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണം: പിണറായി വിജയൻ

നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന വിവാദത്തിൽ ആരോഗ്യമന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ അനാസ്ഥകളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ നിപ വിവാദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന വാദം അടിസ്ഥാനരഹിതമാണെന്നും പിണറായി പറഞ്ഞു.

2023 മുതൽ 2025 വരെയുള്ള കാലയളവിൽ നിപ ബാധിച്ച 13 പേരിൽ മരിച്ച ആറുപേരിൽ ഒരാൾപോലും മെഡിക്കൽ കോളേജിൽനിന്ന് റെംഡെസിവിർ സ്വീകരിച്ചിട്ടില്ലെന്നാണ് പിണറായിയുടെ വിശദീകരണം. ആരോഗ്യവകുപ്പിന്റെ ഇത്തരം പരാമർശങ്ങൾ കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും സിസ്റ്റർ ലിനി ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മസമർപ്പണത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

ലോകം അംഗീകരിച്ച കേരളത്തിന്റെ നിപ പ്രതിരോധ മാതൃകയെ അപകീർത്തിപ്പെടുത്തുന്ന നടപടിയാണിതെന്നും സ്വന്തം ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാനാണ് വിവാദമെന്നും പിണറായി ആരോപിച്ചു. ആരോഗ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും വ്യക്തമാക്കി. മരുന്നിന് 2025 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക