ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ വൻ അഴിച്ചുപണി. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രമുഖ നയതന്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേരെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. മുൻ ജനറൽമാരായ ഷാങ് യൂക്സിയ, ലിയു ഷെൻലി, മുൻ സിൻജിയാങ് പാർട്ടി മേധാവി മാ സിങ്രൂയ്, നയതന്ത്രജ്ഞൻ ലിയു ജിയാൻചാവോ എന്നിവരും നടപടിക്ക് വിധേയരായി.
പുറത്താക്കപ്പെട്ട 33 ഉദ്യോഗസ്ഥരിൽ 16 പേരും സൈനിക വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇതോടെ ഏഴംഗ സെൻട്രൽ മിലിട്ടറി കമ്മീഷനിൽ ഷി ജിൻപിങ്ങും വൈസ് ചെയർമാൻ ഷാങ് ഷെങ്മിനും മാത്രമാണ് ശേഷിക്കുന്നത്. നിലവിലെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരുടെ എണ്ണം 279 ആയി കുറഞ്ഞതും അഴിച്ചുപണിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
2027-ൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായി അധികാരം കൂടുതൽ കേന്ദ്രീകരിക്കാനുള്ള ഷിയുടെ നീക്കമായും നടപടികളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായാണ് നടപടികളെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും പാർട്ടിയിലും സൈന്യത്തിലും തന്റെ നിയന്ത്രണം ശക്തമാക്കുകയാണ് ഷിയുടെ ലക്ഷ്യമെന്ന വിലയിരുത്തലുമുണ്ട്.
